CrimeKeralaNEWS

സംസ്ഥാനത്തു പോപ്പുലര്‍ ഫ്രണ്ട് ഉൾപ്പെട്ട കൂടുതല്‍ കൊലപാതകകേസുകള്‍ എന്‍.ഐ.എ. ഏറ്റെടുത്തേക്കും 

കൊച്ചി: സംസ്ഥാനത്തു പോപ്പുലര്‍ ഫ്രണ്ട് ഉൾപ്പെട്ട കൂടുതല്‍ കൊലപാതക കേസുകള്‍ എന്‍.ഐ.എ. ഏറ്റെടുത്തേക്കും. നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ.) പ്രവര്‍ത്തകര്‍ പ്രതികളായ കൊലപാതകങ്ങള്‍ സംഘടനയുടെ ഉന്നതതല നേതാക്കളുടെ അറിവോടെ ആയിരുന്നെന്ന കണ്ടെത്തലിനെതുടര്‍ന്നാണിത്. ഉന്നത നേതാക്കളുടെ നിര്‍ദേശാനുസരണമായിരുന്നു കൊലപാതകങ്ങളെന്നും എന്‍.ഐ.എ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതര സമുദായങ്ങളില്‍ ഭയം വിതയ്ക്കുകയായിരുന്നു നേതൃത്വത്തിന്റെ ലക്ഷ്യം. രാജ്യസുരക്ഷയെ ബാധിക്കുന്ന കേസുകളായതിനാലാണു മറ്റു കൊലപാതക കേസുകള്‍ അന്വേഷിക്കുന്നതും ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിഗണനയിലുള്ളത്. പി.എഫ്.ഐ. നേതാക്കള്‍ക്കു വിദേശത്തുനിന്നും ഫണ്ട് ലഭിച്ചതിനു തെളിവുണ്ട്. പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍നിന്നു കൊലയാളികള്‍ക്കു പരിശീലനം ലഭിച്ചിരുന്നു. കേരളത്തിലും പുറത്തും പരിശീലനം നേടിയതായും റിപ്പോർട്ടിൽ പറയുന്നു. കൊലപാതകങ്ങളുടെ ആസൂത്രണങ്ങളും കേരളത്തിനു പുറത്തു നടന്നിട്ടുണ്ട്. കൊല്ലേണ്ടവരെ സംബന്ധിച്ചു വിവരങ്ങള്‍ ശേഖരിച്ചു പഠനം നടത്തിയിരുന്നെന്നും എൻ. ഐ. എ. കോടതിയെ അറിയിച്ചിട്ടുണ്ട്.

Signature-ad

കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യവ്യാപകമായി എന്‍.ഐ.എ. നടത്തിയ റെയ്ഡില്‍ പിടിയിലായവരുടെ റിമാന്‍ഡ് കാലാവധി കഴിഞ്ഞ ദിവസം എന്‍.ഐ.എ. കോടതി മൂന്നു ദിവസത്തേയ്ക്കു കൂടി നീട്ടിയിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനു രഹസ്യവിഭാഗമുണ്ടെന്നും സംസ്ഥാന വ്യാപകമായി നെറ്റ്‌വര്‍ക് പ്രവര്‍ത്തിച്ചിരുന്നതായും കോടതിയെ അറിയിച്ചിരുന്നു. ഇതര മതസ്ഥരുടെ ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കിയിരുന്നതും കണ്ടെത്തിയിരുന്നു. പ്രതികളുടെ വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ ഇവ പരിശോധിച്ചതില്‍നിന്നാണു പ്രതികള്‍ക്കെതരേ ഗുരുതരമായ തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയത്.

Back to top button
error: