പത്തനംതിട്ട: തീര്‍ഥാടകര്‍ക്കു പമ്പയില്‍ നിന്നുമുള്ള മടക്കയാത്രയിലെ ബുദ്ധിമുട്ടു പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ കയറാന്‍ ക്രമീകരണം. ഹൈക്കോടതി നിര്‍ദേശപ്രകാരം സര്‍ക്കാരും ജില്ലാ ഭരണകൂടവും ചേര്‍ന്നാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്.
ത്രിവേണിയില്‍ ബസുകളില്‍ അയ്യപ്പ ഭക്തര്‍ കൂട്ടമായി കയറിപ്പറ്റാനുള്ള ശ്രമത്തിനിടെയാണ് തിക്കും തിരക്കും അനുഭവപ്പെടുന്നത്. ഇത് ഒഴിവാക്കാന്‍ നിശ്ചിത എണ്ണം ബസുകള്‍ മുന്‍കൂട്ടി ത്രിവേണിയില്‍ പാര്‍ക്ക് ചെയ്യണമെന്നാണ് ഭരണകൂടം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബസുകള്‍ ഭക്തര്‍ക്കായി എല്ലായിപ്പോഴും കാത്തു നില്‍ക്കും.
ടിക്കറ്റ് പരിശോധനക്ക് കൂടുതല്‍ സൗകര്യമൊരുക്കാനും തീരുമാനമുണ്ട്. പോലീസ് സഹായത്തോടെ പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍ നിന്ന് ത്രിവേണിയിലെ ബസ് സ്റ്റോപ്പില്‍ മുന്‍കൂട്ടി ബസുകള്‍ എത്തുന്നു എന്നും ഉറപ്പ് വരുത്തും. ശബരിമല തീര്‍ത്ഥാടനം സുഗമമാക്കാന്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ഒരു ലക്ഷത്തിലേറെ ഭക്തജനങ്ങള്‍ ദര്‍ശനം നടത്തിയ ദിവസങ്ങളില്‍ പോലും ഗൗരവമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരുന്നതില്‍ നിന്നും ഇതു വ്യക്തവുമാണെന്നും കലക്ടര്‍ പറഞ്ഞു.
ഭൂപ്രകൃതി, കാലാവസ്ഥാ തുടങ്ങിയ ഘടകങ്ങളുടെ പ്രത്യേകതകള്‍ മൂലം സ്വാഭാവികമായി ഉയര്‍ന്ന് വരുന്ന പ്രശ്‌നങ്ങള്‍ അതാത് സന്ദര്‍ഭത്തില്‍ തന്നെ ഇടപെട്ട് പരിഹരിക്കുന്നതിനും ശ്രദ്ധിക്കുന്നുണ്ടെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
അതേസമയം, തിക്കും തിരക്കും കൂടാതെ ബസില്‍ കയറുന്നതിനായി പമ്പയില്‍ താത്കാലിക ബാരിക്കേഡുകള്‍ നിര്‍മിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. മുന്‍കൂര്‍ ബുക്കുചെയ്യാത്തവര്‍ക്ക് ടിക്കറ്റ് നല്‍കാന്‍ പമ്പയില്‍ കണ്ടക്ടര്‍മാരെയും ഇന്‍സ്‌പെക്ടര്‍മാരെയും നിയമിക്കണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.
പമ്പയില്‍ മൂന്നുബസുകള്‍ കരുതലായി ഉണ്ടാകണം. തിരക്കുള്ളപ്പോള്‍ 10 ബസുകളും വേണമെന്നാണ് നിര്‍ദേശം. നിലയ്ക്കലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ 600 വാഹനങ്ങള്‍ക്കുകൂടി സൗകര്യമൊരുക്കിയതായി സര്‍ക്കാര്‍ അറിയിച്ചു. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കുട്ടികള്‍ക്കും ദര്‍ശനത്തിന് പ്രത്യേക ക്യൂ നടപ്പാക്കിയയെന്ന വിവരവും സര്‍ക്കാര്‍ വിശദീകരിച്ചു.