പീരുമേട്: ജീവിച്ചിരിക്കുന്ന പിതാവ് മരിച്ചതായി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ പരുന്തുംപാറയിലെ ആത്മഹത്യാമുനമ്പില്‍ കാണാതായതായി പരാതി. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ ബാഗും ചെരുപ്പും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും എത്തി അന്വേഷണം നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ബാഗുതുറന്ന് നടത്തിയ പരിശോധനയില്‍ പാമ്പനാര്‍ റാണികോവില്‍ സ്വദേശിയുടേതാണ് ബാഗെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥയും രാത്രിയും ആയതിനാല്‍ കൂടുതല്‍ തിരച്ചില്‍ നടത്താന്‍ സാധിച്ചില്ല. കൊക്കയിലേക്ക് ആള് ചാടിയതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ ഇല്ലെന്നാണ് അഗ്നിരക്ഷാസേന പറയുന്നത്. പീരുമേട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസമാണ് പിതാവ് മരിച്ചതായി ഇയാള്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. പീരുമേട് പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാവും തദ്ദേശസ്ഥാപനത്തിലെ മുന്‍ ജനപ്രതിനിധിയുമായ 60 വയസുകാരന്റെ മരണവാര്‍ത്തയാണ് മകന് ഫെയ്സ്ബുക്കിലൂടെ നാടിനെ മുഴുവന്‍ അറിയിച്ചത്. തുടര്‍ന്ന്, ആദാരാഞ്ജലികളും അനുശോചനങ്ങളുമായി നാട്ടുകാരെത്തി.
പിതാവിന്റെ ചിത്രത്തോടൊപ്പം ‘ആര്.ഐ.പി, ഐ മിസ് യു’ എന്നിങ്ങനെ വാചകങ്ങളും ചേര്‍ത്തിരുന്നു. ഇളയമകന്റെ വാട്സാപ്പില്‍ വന്ന സന്ദേശത്തില്‍ നിന്നാണ് ‘താന്‍ മരിച്ചു’ എന്ന വ്യാജ പ്രചാരണം കോണ്‍ഗ്രസ് നേതാവ് അറിയുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതിനു പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അനുശോചനം അറിയിക്കാന്‍ തുടങ്ങിയിരുന്നു.
പിതാവിന്റെ മരണകാരണം ചോദിച്ചും സംസ്കാര സമയം ചോദിച്ചും കുടുംബാംഗങ്ങളുടെയും നേതാവിന്റെയും ഫോണിലേക്ക് വിദേശത്തു നിന്നുള്‍പ്പെടെ വിളികളെത്തി. കുടുംബവഴക്കിനെ തുടര്‍ന്നാണ് മകന് തന്റെ അച്ഛന് മരിച്ചുപോയെന്ന തരത്തില്‍ പോസ്റ്റ് പങ്കുവെച്ചതെന്നാണ് അടുത്ത ബന്ധുക്കള്‍ പറയുന്നത്.
വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മകനെതിരേ പോലീസില്‍ പരാതി നല്കാന് ആദ്യം പിതാവ് തീരുമാനിച്ചെങ്കിലും പിന്നീട്, കുടുംബാംഗങ്ങളുമായി ആലോചിച്ച ശേഷം മകനു മാപ്പുനല്കാന് തീരുമാനിക്കുകയായിരുന്നു. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ കയറി മറ്റാരോ പോസ്റ്റ് ചെയ്തതാണ് പിതാവിന്റെ വ്യാജ മരണവാര്‍ത്തയെന്നാണു മകന് പ്രതികരിച്ചിരുന്നു.