ന്യൂഡൽഹി: ഐപിഎസ് ഉദ്യോഗസ്ഥനായി ചമഞ്ഞ് നിരവധി സ്ത്രീകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തയാളെ പിടികൂടിയതായി ഡൽഹി പോലീസ് അറിയിച്ചു. എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള വികാസ് ഗൗതമാണ് അറസ്റ്റിലായത്. ട്വിറ്റർ, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെ വികാസ് യാദവ് എന്ന പേരിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിവന്നത്. അക്കൗണ്ടുകൾ യഥാർഥമാണെന്ന് തോന്നിക്കുന്നതിനായി ചുവന്ന ബീക്കണുള്ള വാഹനത്തിന് സമീപം നിൽക്കുന്ന ഫോട്ടോയാണ് ഇയാൾ പ്രൊഫൈൽ ചിത്രമാക്കിയിരുന്നത്.
ഡൽഹി സഞ്ജയ് ഗാന്ധി ആശുപത്രിയിലെ വനിതാഡോക്ടറുൾപ്പെടെ ഇയാളുടെ തട്ടിപ്പിനിരയായി. ചാറ്റിങ്ങിലൂടെ വിശ്വാസ്യത നേടിയ ശേഷം വികാസ് ഡോക്ടറുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 25,000 രൂപ പിൻവലിച്ചു. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഡോക്ടർ പോലീസിനെ സമീപിക്കാൻ തീരുമാനിച്ചു. എന്നാൽ ഇതറിഞ്ഞ വികാസ് തന്റെ രാഷ്ട്രീയബന്ധങ്ങളുപയോഗിച്ച് ഉപദ്രവിക്കുമെന്ന് ഡോക്ടറെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പത്തിലധികം സ്ത്രീകളെ ഐപിഎസ് ഉദ്യോഗസ്ഥനെന്ന പേരിൽ ഇയാൾ വഞ്ചിച്ചതായി പോലീസ് കണ്ടെത്തി. ഇവരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ഇയാൾ തട്ടിയെടുത്തതായും പോലീസ് വ്യക്തമാക്കി.
മധ്യപ്രദേശിലെ ഗ്വാളിയർ സ്വദേശിയായ വികാസ് എട്ടാം ക്ലാസിന് ശേഷം ഐടിഐയിൽ നിന്ന് വെൽഡിങ് പഠനം പൂർത്തിയാക്കി. സിവിൽ സർവീസ് പരീക്ഷയ്ക്ക് ഉദ്യോഗാർഥികളെ സജ്ജരാക്കുന്ന നിരവധി കോച്ചിങ് സെന്ററുകൾ സ്ഥിതി ചെയ്യുന്ന മുഖർജി നഗറിലെ ഒരു റെസ്റ്റോറന്റിലും ഇയാൾ ജോലി ചെയ്തിരുന്നു. സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികളുമായുള്ള പരിചയത്തിൽ നിന്നാണ് ഐപിഎസ് ഉദ്യോഗസ്ഥന്റെ പെരുമാറ്റരീതികൾ ഇയാൾ വശത്താക്കിയതെന്ന് പോലീസ് പറയുന്നു. വികാസിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലും ഗ്വാളിയറിലും നിരവധി തട്ടിപ്പ് കേസുകളിൽ പ്രതിയായ ഇയാൾ ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്.