ദോഹ: ഫ്രാൻസിനെതിരെ ഫൈനലിൽ അർജൻറീനയിറങ്ങിയതോടെ സൂപ്പർ താരം ലയണൽ മെസി ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമായി. 26ാമത് മത്സരമാണ് ഇന്നത്തോടെ താരം കളിക്കുന്നത്. ക്രൊയേഷ്യക്കെതിരെ സെമി ഫൈനലിൽ അർജൻറീനയിറങ്ങിയപ്പോൾ മെസി 24 മത്സരങ്ങൾ കളിച്ച താരത്തിന് ജർമനിയുടെ ലോതർ മത്തേവൂസിന്റെ നേട്ടത്തിനൊപ്പം എത്തിയിരുന്നു. ക്യാപ്റ്റനായി മെസി 20 മത്സരങ്ങളാണ് കളിച്ചത്. ലോകകപ്പിലെ എല്ലാ നോക്കൗട്ട് റൗണ്ടുകളിലും ഗോൾ നേടിയ ഏകതാരമായും മെസി മാറി. ഖത്തർ ലോകകപ്പിലെ റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ എന്നിവയിലൊക്കെ മെസി ഗോൾ നേടിയിരിക്കുകയാണ്.
അഞ്ചു ലോകകപ്പിലും അസിസ്റ്റ് നൽകിയ ഏക താരമാണ് മെസി. നോക്കൗട്ട് ഘട്ടത്തിൽ (6) ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയ താരമെന്ന റെക്കോർഡ് പെലെയുടെ പേരിലാണ്. പെലെ, ഗ്രെഗോർസ് ലാറ്റോ, ഡീഗോ മറഡോണ, ഡേവിഡ് ബെക്കാം എന്നിവർ മൂന്ന് ലോകകപ്പുകളിൽ ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. ലോകകപ്പ് ഗോൾവേട്ടയിൽ അർജൻറീനയുടെ മുന്നേറ്റ നിരക്കാരായ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയും മെസ്സിയും തുല്യനിലയിലാണുണ്ടായിരുന്നത്. 10 ഗോളുകൾ വീതമാണ് ഇവർ നേടിയിരുന്നത്. എന്നാൽ കഴിഞ്ഞ മത്സരത്തിലെ ഗോളോടെ മെസി മുമ്പിലെത്തിയിരുന്നു. ഇന്ന് വീണ്ടും ഒരു ഗോൾ കൂടി താരം സ്വന്തം പേരിൽ ചേർത്തു. ഡീഗോ മറഡോണ (8), ഗില്ലെർമോ സ്റ്റെബൈൽ (8), മരിയോ കെംപെസ് (6), ഗോൺസാലോ ഹിഗ്വെയ്ൻ (5) എന്നിവരാണ് മറ്റു ഗോൾവേട്ടക്കാർ.
ടീനേജിലും 20കളിലും 30കളിലും ലോകകപ്പിൽ ഗോൾ നേടിയ ഏക താരവും മെസിയാണ്. 16 വർഷവും 176 ദിവസവും പ്രായമുള്ളപ്പോഴാണ് മെസി തന്റെ ആദ്യ ലോകകപ്പ് ഗോൾ നേടിയത്. എന്നാൽ ഏറ്റവും ദീർഘ ലോകകപ്പ് കരിയർ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ പേരിലാണ്. 16 വർഷവും 160 ദിവസവുമാണ് റൊണാൾഡോയുടെ ലോകകപ്പ് മത്സര കരിയർ. 2002 മുതൽ നൽകുന്ന പ്ലയർ ഓഫ് ദി മാച്ച് അവാർഡ് ഒമ്പത് തവണയാണ് മെസിക്ക് ലഭിച്ചിട്ടുള്ളത്. ഇവയിൽ നാലെണ്ണം 2014ലെ ബ്രസീൽ ലോകകപ്പിലായിരുന്നു.
ഒരു ലോകകപ്പിൽ ഇത്ര തവണ മത്സരത്തിലെ താരമായ റെക്കോഡ് 2010 ദക്ഷിണാഫ്രിക്ക ലോകകപ്പിൽ വെസ്ലി സ്നെയ്ജ്ദെറും നേടിയിരുന്നു. ജർമനിയുടെ മിറോസ്ലേവ് ക്ലോസെ 17 മത്സര വിജയങ്ങളിൽ പങ്കാളിയായപ്പോൾ മെസി 16 എണ്ണത്തിലാണ് പങ്കെടുത്തത്. ലോകകപ്പിലെ ഗോൾഡൻ ബോളിനും ഗോൾഡൻ ബൂട്ടിനുമായുള്ള പോരാട്ടത്തിൽ മെസി മുമ്പിലാണ്. ആറു ഗോളുകളും മൂന്നു അസിസ്റ്റുകളുമാണ് താരത്തിന്റെ പേരിലുള്ളത്. ഗോൾഡൻ ബോളിലും ഗോൾഡൻ ബൂട്ടിലും മെസി ഒരുപോലെ കണ്ണുവെയ്ക്കുന്നു. 2014 ലോകകപ്പിലെ മികച്ച താരമായിരുന്നു മെസി.
അതേസമയം, ഫ്രാൻസിനെതിരെയുള്ള ലോകകപ്പ് ഫൈനലിൽ ആദ്യ പകുതിയിൽ അർജൻറീനക്ക് ഇരട്ടഗോൾ ലീഡ്. എയ്ഞ്ചൽ ഡി മരിയയും പെനാൽറ്റിയിലൂടെ നായകൻ ലയണൽ മെസിയുമാണ് നീലപ്പടക്കായി ഗോളടിച്ചത്. 23ാം മിനുട്ടിൽ പെനാൽറ്റിയിലൂടെയാണ് അർജൻറീന ആദ്യ ലീഡ് നേടിയത്. 20ാം മിനുട്ടിൽ എയ്ഞ്ചൽ ഡി മരിയയെ ഉസ്മാൻ ഡെംബലെ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയാണ് മെസി ഗോളാക്കിയത്. തുടർന്ന് 36ാം മിനുട്ടിലാണ് രണ്ടാം ഗോൾ പിറന്നത്. മക് അല്ലിസ്റ്ററുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. ടീമുകളുടെ ലൈനപ്പ് നേരത്തെ പുറത്തുവന്നിരുന്നു. എയ്ഞ്ചൽ ഡി മരിയ അർജൻറീനൻ നിരയിൽ തിരിച്ചെത്തി. ക്രൊയേഷ്യക്കെതിരെയുള്ള സെമിഫൈനലിൽ കളിച്ച പരേഡെസിന് പകരമാണ് ഡി മരിയ ആദ്യ ഇലവനിൽ ഇറങ്ങുന്നത്. അഡ്രിയാൻ റോബിയോയും ഉപമെകാനോയും ഫ്രാൻസ് ടീമിലും കളിക്കുന്നുണ്ട്. 16ാം മിനുട്ടിൽ മെസിയിലൂടെ ഡി മരിയക്ക് ലഭിച്ച പാസ് എതിർപോസ്റ്റിന് മുകളിലൂടെയാണ് അടിച്ചത്.