ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഉപപ്രധാനമന്ത്രിയായിരുന്ന ഇന്ത്യന്‍ വംശജന് ലിയോ വരാഡ്കര്‍ (43) ഇന്നലെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. രണ്ടാമത്തെ തവണയാണ് വരാഡ്കര്‍ പ്രധാനമന്ത്രിയാകുന്നത്. കൂട്ടുകക്ഷി സര്‍ക്കാരിലെ ഫിയാനഫോള്‍ നേതാവ് മൈക്കല്‍ മാര്ട്ടിന് രണ്ടരവര്‍ഷം പൂര്‍ത്തിയാക്കി മുന്‍ ധാരണയനുസരിച്ച് ഒഴിഞ്ഞതോടെയാണ് പാര്‍ട്ടി നേതാവായ വരാഡ്കര്‍ പ്രധാനമന്ത്രിയായത്.
ഫിയാനഫോള്‍, ഫിനഗെയ്ല്‍, ഗ്രീന്‍ പാര്‍ട്ടി എന്നീ 3 കക്ഷികള്‍ ചേര്‍ന്നതാണു ഭരണമുന്നണി.2007 ല്‍ ആണ് ഡോക്ടറായ വരാഡ്കര്‍ ആദ്യം എംപിയായത്. 2017 ജൂണ്‍ 13നു പ്രധാനമന്ത്രിയായപ്പോള്‍ പ്രായം 38. അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും രാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗിയായ പ്രധാനമന്ത്രിയും വരാഡ്കറാണ്. മുംബൈ സ്വദേശി അശോക് വരാഡ്കറുടെയും അയര്‍ലന്‍ഡ് സ്വദേശി മിറിയത്തിന്റെയും ഇളയ മകനായി ഡബ്ലിനിലാണു ജനിച്ചത്.
2015ല്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന അയര്‍ലന്‍ഡിന്റെ റഫറണ്ടത്തിന് മുമ്പ് തന്നെ വരാഡ്കര്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. ‘ഞാന്‍ ഒരു സ്വവര്‍ഗാനുരാഗിയാണ്. ഇത് ഒരു രഹസ്യമല്ല, പക്ഷേ എല്ലാവര്ക്കും അറിയേണ്ട കാര്യവുമല്ല. ഇത് എന്നെ നിര്‍വചിക്കുന്ന ഒന്നല്ല’-ഇതായിരുന്നു വരാഡ്കറുടെ വാക്കുകള്‍. കാര്‍ഡിയോളജിസ്റ്റ് മാത്യു ബാരറ്റ് ആണ് ജീവിത പങ്കാളി.