തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിംഗ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം. ബയോമെട്രിക് പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്കി. ജനുവരി ഒന്ന് മുതൽ കർശനമായി നടപ്പാക്കാനാണ് നിർദ്ദേശം. സെക്രട്ടേറിയറ്റിലും കളക്ട്രേറ്റിലും വകുപ്പ് മേധാവികളുടെ ഓഫീസിലും പഞ്ചിംഗ് നടപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. ഇത് സംബന്ധിച്ച മുന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം. സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താന്‍ ഇത് അനിവാര്യമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.
സർക്കാർ ഓഫീസിൽ വന്ന് ജോലി ചെയ്യാതെ മുങ്ങുന്നവർക്ക് ഇനി പിടിവീഴും. ഒരുപാട് തവണ ശ്രമിച്ച് നടപ്പാക്കാൻ പറ്റാത്ത ബയോ മെട്രിക് സംവിധാനമാണ് മുഴുവൻ സർക്കാർ ഓഫീസുകളിലേക്കും വ്യാപിപ്പിക്കുന്നത്. സെക്രട്ടറിയേറ്റിൽ 2018 ജനുവരി ഒന്ന് മുതൽ ബയോ മെട്രിക് പഞ്ചിംഗ് ഉണ്ട്. 2018 നവംബർ 1 മുതൽ മുഴുവൻ സർക്കാർ ഓഫീസിലേക്കും ഇതു വ്യാപിപ്പിക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. അത് ഇതുവരെ നടക്കാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ അന്ത്യശാസനം. ജീവനക്കാരുടെ ഹാജർ സ്പാർക്കുമായി ബന്ധിപ്പിക്കാനാണ് കർശന നിർദ്ദേശം. മുങ്ങിയാൽ ശമ്പളം പോകും. ഇനി സമയം നീട്ടിനൽകില്ലെന്നാണ് കലക്ടർമാർക്കും വകുപ്പ് മേധാവികൾക്കുമുള്ള ഉത്തരവ്. രാജ്ഭവൻ, ഹൈക്കോടതി, പിഎസ് സി വിവരാവകാശ കമ്മീഷൻ ഓഫീസ്, സർവ്വകലാശാലകൾ തുടങ്ങി എല്ലാ ഓഫീസുകൾക്കും ഉത്തരവ് ബാധകമാണ്. ബയോ മെട്രിക് പഞ്ചിംഗിനെതിരെ ആദ്യം സെക്രട്ടറിയേറ്റിൽ ജീവനക്കാരുടെ ഭാഗത്തുനിന്നും എതിർപ്പുകൾ ഉയർന്നിരുന്നു.
സെക്രട്ടറിയേറ്റിൽ പഞ്ചിംഗ് നിർബന്ധമാക്കുമ്പോഴും കൂടുതൽ സമയം ജോലി ചെയ്യുന്നവർക്ക് ആനുകൂല്യങ്ങളുമുണ്ട്. ഒരു മാസം 10 മണിക്കൂർ കൂടുതലായി ജോലി ചെയ്താൽ അധികമായി ഒരു ദിവസത്തെ അവധി കിട്ടും. വളരെ അത്യാവശ്യമുള്ള സമയങ്ങളിൽ അല്പ സമയം വൈകി എത്തിയാലും പ്രശ്നമല്ല. ഒരു മാസം 300 മിനുട്ട് വരെ ഇപ്രകാരം ഗ്രേസ് ടൈം ആയി നിശ്ചയിച്ചിട്ടുണ്ട്.ഈ ആനുകൂല്യങ്ങൾ മറ്റ് ഓഫീസുകളിലും ഉണ്ടാകും. പഞ്ചിംഗ് വന്നിട്ടും സെക്രട്ടറിയേറ്റിൽ ജീവനക്കാരുടെ മുങ്ങൽ തടയാൻ അടുത്ത ഘട്ടം എന്ന നിലയിൽ ഇപ്പോൾ ആക്സസ് കൺട്രോൾ സംവിധാനം കൊണ്ടുവരികയാണ്. രാവിലെ പഞ്ച് ചെയ്ത് ഓഫീസിൽ നിന്നും പുറത്തുപോയി തിരികെ വന്ന് വൈകീട്ട് ഔട്ട് പഞ്ച് ചെയ്യാൻ കഴിയുന്ന പഴുത് ഒഴിവാക്കാനാണിത്. പഞ്ചിംഗ് കാർഡുമായി ഓഫീസിന് പുറത്തേക്ക് പോകുന്ന സമയമടക്കം കൃത്യമായി രേഖപ്പെടുത്താനാണ് ആക്സസ് കൺട്രോൾ പരിഷ്ക്കാരം.