നോയ്ഡ: വളര്‍ത്തുനായയെ വേണമെന്നാവശ്യപ്പെട്ട് വീട്ടിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. നോയ്ഡയില്‍ നടന്ന സംഭവത്തില്‍, മൂന്നു പേര്‍ക്കെതിരേ കേസെടുത്തു. ഗ്രേറ്റര്‍ നോയ്ഡയിലെ ആല്‍ഫ 2 മേഖലയില്‍ താമസിക്കുന്ന രാഹുല്‍ പ്രതാപിനെയാണ് മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയത്.
രാഹുലിന്റെ വീട്ടിലെത്തിയ യുവാക്കള്‍ വളര്‍ത്തുനായ ”അര്‍ജന്റീനോ”യെ അവര്‍ക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, രാഹുല്‍ ഈ ആവശ്യം നിരാകരിച്ചു. ഇതോടെ അവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും യുവാവിനെ സംഘം ബലമായി സ്‌കോര്‍പിയോ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയുമായിരുന്നു. പിന്നാലെ, രാഹുലിന്റെ ഫോണില്‍നിന്ന് അദ്ദേഹത്തിന്റെ വീട്ടിലേക്ക് സംഘം വിളിക്കുകയും യുവാവിനെ മോചിപ്പിക്കണമെങ്കില്‍ പകരം വളര്‍ത്തുനായയെ നല്‍കണമെന്നും ഉപാധിവച്ചു. നായയെ നല്‍കിയില്ലെങ്കില്‍ രാഹുലിനെ കൊല്ലുമെന്നും സംഘം ഭീഷണിപ്പെടുത്തി. തന്റെ സഹോദരനെ അലിഗഡ് മേഖലയിലേക്കാണ് തട്ടിക്കൊണ്ടുപോയതെന്ന് രാഹുലിന്റെ സഹോദരന്‍ ശുഭം പറഞ്ഞു.
വിവരം പോലീസില്‍ അറിയിച്ചെന്നു സംശയിച്ച സംഘം രാഹുലിനെ അലിഗഡിനു സമീപം റോഡില്‍ ഇറക്കിവിട്ടശേഷം കടന്നു കളയുകയായിരുന്നു. പിറ്റേ ദിവസം വീട്ടില്‍ തിരിച്ചെത്തിയ രാഹുല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രാഹുലിന്റെ പരാതിയില്‍ അലിഗഡ് സ്വദേശികളായ വിശാല്‍ കുമാര്‍, ലളിത്, മോണ്ടി എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 364 (തട്ടിക്കൊണ്ടുപോകല്‍) പ്രകാരം കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ ഒളിവിലാണെന്നും െവെകാതെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.