KeralaNEWS

മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി കാസര്‍കോട് സ്വദേശി മലപ്പുറത്തും വിദ്യാര്‍ഥിയടക്കം 2 യുവാക്കള്‍ കണ്ണൂരിലും പിടിയിലായി

ഒരു കോടി രൂപയോളം വില വരുന്ന ക്രിസ്റ്റല്‍ എം.ഡി.എം.എയുമായി മലപ്പുറത്ത് പിടിയിലായ കാസര്‍കോട്ടെ യുവാവിനെ കോടതി റിമാണ്ട് ചെയ്തു. മഞ്ചേശ്വരത്തെ അബ്ദുല്‍ഖാദര്‍ നാസിര്‍ ഹുസൈനെ (36)യാണ് മലപ്പുറം ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തത്. ചില്ലറ വിപണിയില്‍ ഒരു കോടി രൂപയോളം വിലവരുന്ന 203 ഗ്രാം എം.ഡി. എം.എയുമായി ഇന്നലെയാണ് അബ്ദുല്‍ഖാദറിനെ മലപ്പുറം ഡി.വൈ.എസ്.പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം  കോട്ടക്കുന്നില്‍ നിന്ന് പിടികൂടിയത്.

ബംഗളൂരുവില്‍ നിന്ന് ബസില്‍ കാരിയര്‍മാര്‍ മുഖേന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്ക് മയക്കുമരുന്ന് എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അബ്ദുല്‍ഖാദറെന്ന് പൊലീസ് പറഞ്ഞു.

കണ്ണൂരിലെ മലയോര മേഖലയായ ആലക്കോട് കുടിയാന്‍മലയില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടു പേര്‍ ഇന്ന് പിടിയിലായി. ആല്‍ഫാ സര്‍ജിക്കല്‍സിലെ സര്‍ജറി അസിസ്റ്റന്റ് കായലം പാറയിലെ പാറക്കല്‍ വീട്ടില്‍ ജസ്റ്റിന്‍മാത്യു(23), അങ്ങാടിക്കടവ് ഡോണ്‍ ബോസകോ കോളജിലെ എം സി എ വിദ്യാര്‍ഥി മണ്ണംകുണ്ടിലെ പുല്‍ത്തകിടിയില്‍ വീട്ടിന്‍ ജോബിന്‍ ജോസഫ്(22) എന്നിവരാണ് അറസ്റ്റിലായത്.

കണ്ണൂർ ജില്ലയിലെ മലയോര മേഖലയായ കുടിയാന്‍മല എന്‍ജിനീയറിങ് കോളജ് പരിസരം, ചേപ്പറമ്പ്, ശ്രീകണ്ഠാപുരം എന്നിവടങ്ങളില്‍ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍ മാരക മയക്കുമരുന്നായ എം ഡി എം എ വിതരണം ചെയ്യുന്നവരാണ് പിടിയിലായ ജസ്റ്റിന്‍മാത്യുവും ജോബിന്‍ ജോസഫും.

Back to top button
error: