KeralaNEWS

സംസ്ഥാന കേരളോത്സവം 18 ഞായറാഴ്ച കണ്ണൂരില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: 6 വേദികളിലായി മൂവായിരത്തിലേറെ കലാകാരന്മാര്‍ മാറ്റുരയ്ക്കും

    കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഡിസംബര്‍ 18 മുതല്‍ 21 വരെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവത്തിന്റെ കലാമത്സരങ്ങള്‍ 18ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

യുവജനകാര്യ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനാവും. വിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കും. വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ നഗരത്തില്‍ സാംസ്‌കാരിക ഘോഷയാത്രയും നടക്കും. ഘോഷയാത്ര കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് പൊലീസ് മൈതാനിയില്‍ സമാപിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കലാപരിപാടികള്‍, ഫുട്‌ബോള്‍ ടോക്, ലോക കപ് ഫുട്‌ബോള്‍ ഫൈനല്‍ ബിഗ് സ്‌ക്രീന്‍ പ്രദര്‍ശനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

Signature-ad

കേരളോത്സവത്തിന്റെ സമഗ്ര കവറേജ്, ഫോട്ടോഗ്രഫി, വീഡിയോ ഗ്രാഫി, റിപ്പോര്‍ട്ടിംഗ് എന്നിവയ്ക്ക് പത്ര, ദൃശ്യ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് 10,000 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കും.

കണ്ണൂര്‍ നഗരത്തില്‍ പൊലീസ് മൈതാനി, മുനിസിപല്‍ സ്‌കൂള്‍, ദിനേശ് ഓഡിറ്റോറിയം, ജവഹര്‍ ലൈബ്രറിയിലെ രണ്ടു വേദികള്‍, കോളജ് ഓഫ് കൊമേഴ്‌സ് എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച ആറു വേദികളിലാണ് മത്സരങ്ങള്‍ അരങ്ങേറുക.

59 ഇനം കലാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിവിധ ജില്ലകളില്‍ നിന്ന് 3500ല്‍ പരം മത്സരാര്‍ഥികള്‍ എത്തിച്ചേരും. രജിസ്‌ട്രേഷന്‍ 18ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിക്കും. 21ന് സമാപന സമ്മേളനം സാഹിത്യകാരന്‍ എം മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സിതാര കൃഷ്ണകുമാര്‍ നയിക്കുന്ന സംഗീതവിരുന്ന് ഉണ്ടാകും.

വ്യക്തിഗതമായും ക്ലബ് തലത്തിലും മത്സരം ഉണ്ടാവും. ഏറ്റവും മികച്ച ജില്ലയ്ക്ക് എവര്‍ റോളിംഗ് ട്രോഫി സമ്മാനിക്കും. ഏറ്റവും മികച്ച ക്ലബിനും പുരസ്‌കാരം നല്‍കും. കലാതിലകം, കലാപ്രതിഭ എന്നിവര്‍ക്ക് 10,000 രൂപയുടെ പുരസ്‌കാരം നല്‍കും. പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിക്കും.

യുവജനങ്ങളുടെ കലാപരവും സാംസ്കാരികവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരം ഒരുക്കുക, അവരിൽ സാഹോദര്യവും സഹകരണ ബോധവും സഹവർത്തിത്വവും വളർത്തുക ഒരു പൊതുസംഗമ വേദിയിൽ ഒരുമിച്ചു കൂടുന്നതിന് അവസരം ഒരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ സാക്ഷാത്കാരത്തിനായാണ് സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ കേരളോത്സവം വർഷംതോറും സംഘടിപ്പിക്കുന്നത്. സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും, വിവിധ വകുപ്പുകളെയും സഹകരിപ്പിച്ചു കൊണ്ടാണ് കേരളോത്സവം സംഘടിപ്പിച്ചു വരുന്നത്.

കേരളോത്സവം, കേരളീയ യുവതയുടെ ഏറ്റവും വലിയ കലാ കായിക സാംസ്കാരിക സംഗമവേദി എന്ന നിലയിൽ ഇതിനകം ജനശ്രദ്ധ നേടിയെടുത്തു

കലാ മത്സരങ്ങൾ,, സാംസ്കാരിക മത്സരങ്ങൾ കായിക മത്സരങ്ങൾ, ഗെയിംസ്, കളരിപ്പയറ്റ്, അമ്പെയ്ത്ത്, എന്നിങ്ങനെ വൈവിധ്യമാർന്ന ഇനങ്ങൾ ഒരേ വേദിയിൽ നടത്തപ്പെടുന്നു എന്നതാണ് കേരളോത്സവത്തിന്റെ സവിശേഷമായ പ്രത്യേകത.

Back to top button
error: