കണ്ണൂരിലെ പേരാവൂരിനടുത്ത് കൊളക്കാട് ജപ്തി നടപടിയുടെ പേരിൽ ആദിവാസിയായ വീട്ടമ്മയെയും മകനെയും ബാങ്ക് ഓഫ് ബറോഡ അധികൃതർ സ്വന്തം വീട്ടിൽ നിന്ന് കുടിയിറക്കി. ഓടപ്പുഴ സ്വദേശിനി കാവളത്തിങ്കൽ എം.സി ഓമനയെയും മകനെയുമാണ് ബാങ്ക് അധികൃതർ വീട്ടിൽ നിന്നും ഇറക്കി വിട്ടത്. ബാങ്ക് ഓഫ് ബറോഡ നെടുംപുറംചാൽ ശാഖയിൽ നിന്നും എട്ട് ലക്ഷം രൂപ വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതിനെ തുടർന്നാണ് വീട്ടമ്മയെയും മകനെയും വീട്ടിൽ നിന്നും സന്ധ്യയ്ക്ക് ബലമായി പിടിച്ചിറക്കി വിട്ടത്.
കുറിച്യ സമുദായത്തിൽപ്പെട്ട ഓമനയ്ക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് അനുവദിച്ചിരുന്നു. ഈ വീടിന്റെ നിർമാണം പൂർത്തിയാക്കുന്നതിനാണ് ആകെ ഉണ്ടായിരുന്ന അഞ്ചു സെന്റ് ഭൂമി പണയപ്പെടുത്തി ബാങ്ക് ഓഫ് ബറോഡയുടെ നെടുംപുറംചാൽ ശാഖയിൽ നിന്നും 2015ൽ ആദ്യം നാല് ലക്ഷം രൂപയും പിന്നീട് നാലു ലക്ഷവും ഉൾപ്പെടെ എട്ടു ലക്ഷം രൂപ വായ്പയെടുത്ത്. എന്നാൽ ഭർത്താവിന് കാൻസർ ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതേതുടർന്നാണ് വീട് ജപ്തി ഭീഷണി നേരിട്ടത്.
മുതലും പലിശയുമുൾപ്പെടെ 13 ലക്ഷത്തിലധികം രൂപയാണ് ബാങ്കിൽ അടക്കാൻ ഉണ്ടായിരുന്നത്. ചൊവ്വാഴ്ച വീട്ടിലെത്തിയ ബാങ്കധികൃതർ തൊഴിലുറപ്പ് പ്രവർത്തി കഴിഞ്ഞ് വീട്ടിലെത്തിയ ഓമനയും മകനെയും വീട്ടിൽ നിന്നും ബലമായി ഇറക്കിവിടുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന സാധനങ്ങളും വസ്ത്രങ്ങളും എടുക്കാൻ പോലും സമ്മതിച്ചില്ലെന്നും ഇവർ പറയുന്നു. ആദിവാസിയെന്നോ സ്ത്രീയെന്നോ ഉള്ള പരിഗണന പോലും നൽകാതെയാണ് ബാങ്ക് അധികൃതർ ജ്പതിയുടെ പേരിൽ വീട്ടിൽ നിന്ന് ഇറക്കി വിട്ടത് എന്നാണ് പ്രദേശവാസികളും പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കലക്ടർ ഉൾപ്പെടെയുളളവർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ഓമന.
ബാങ്ക് അധികൃതർ വീട് താഴിട്ട് പൂട്ടിയതോടെ ഓമനയും മകനും താൽക്കാലം ഒരു ബന്ധുവീട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണ്.