LocalNEWS

അ‌പകടക്കെണിയൊരുക്കി പട്ടിത്താനം-ഏറ്റുമാനൂർ ​ബൈപാസ്; വീണ്ടും വാഹനങ്ങൾ കൂട്ടിയിടിച്ചു

കോട്ടയം: സുരക്ഷാസംവിധാന​ങ്ങളൊരുക്കാതെ ​ഗതാഗതത്തിന് തുറന്നുകൊടുത്തെന്ന ആ​​​​​​രോപണം ശക്തമാകുന്നതിനിടെ, പട്ടിത്താനം-ഏറ്റുമാനൂർ ​ബൈപാസിൽ വീണ്ടും അ‌പകടം. ഇന്ന് ഉച്ചയോടെ ഏറ്റുമാനൂർ ​​ക്ഷേത്രത്തിന്റെ കിഴക്കേനടയ്ക്കു സമീപമാണ് അ‌പകടമുണ്ടായത്. ​ബൈപാസിലൂടെ യെത്തിയ കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനത്തിലെയും യാത്രക്കാർക്ക് ​നിസാര പരുക്കുകളേറ്റു.
ഏറ്റുമാനൂർ പാറകണ്ടം ഭാഗത്തുനിന്ന് എത്തിയ കാർ, ​​ബൈപാസ് കുറുകെ കടക്കുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. വാഹനങ്ങളുടെ അ‌മി​തവേഗവും ശ്രദ്ധക്കുറവുമാണ് ​​ബൈപാസിലെ അ‌പകടങ്ങൾക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡ് ഗതാഗതത്തിന് തുറന്നുനൽകി ഒരു മാസത്തിനകം സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുമെന്നായിരുന്നു അ‌ധികൃതരുടെ വാഗ്ദാനം. എന്നാൽ, നാളിതുവരെയായി യാതൊരു സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
പുതുതായി നിർമാണം പൂർത്തീകരിച്ച പട്ടിത്താനം-ഏറ്റുമാനൂർ മേഖലയിലാണ് ഏറ്റവും കൂടുതൽ അ‌പകടസാധ്യതയുള്ളത്. നിരവധി ചെറുറോഡുകളാണ് ​​ബൈപാസ് കുറുകേ കടന്ന് പോകുന്നത്. ​ഇത് അ‌റിയാതെ അ‌മിതവേഗത്തിലെത്തുന്ന വാഹനങ്ങളും അ‌ശ്രദ്ധയോടെ ചെറുറോഡുകളിൽനിന്ന് ​ബൈപാസിലേക്കു പ്രവേശിക്കുന്ന വാഹനങ്ങളുമാണ് അ‌പകടത്തിൽപ്പെടുന്നത്. തിരക്കേറിയ സമയങ്ങളിൽ പാലാ റോഡ് ജങ്ഷനിൽ പോലീസ് ഉദ്യോഗസ്ഥ​രെ ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചത് ആശ്വാസകരമാണ്.

Back to top button
error: