IndiaNEWS

ബലഗാവിയെ ചൊല്ലി തൽക്കാലം ഉടക്കരുത്, സംഘർഷം ഒഴിവാക്കണം; അ‌മിത് ഷാ ഇടപെട്ടു, കർണാടകയും മഹാരാഷ്ട്രയും തമ്മിൽ ധാരണ

  • പ്രതിപക്ഷ കക്ഷികൾ അതിർത്തിത്തർക്കത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് അമിത് ഷാ 

ന്യൂഡൽഹി: സുപ്രീം ​കോടതി വിധി വരുന്നതുവരെ ബലഗാവിയെച്ചൊല്ലിയുടെ തർക്കം തൽക്കാലം നിർത്തിവയ്ക്കാൻ കർണാടക-മഹാരാഷ്ട്ര സർക്കാരു​കളുടെ ധാരണ. കേന്ദ്ര ആഭ്യന്തരമന്ത്രി അ‌മിത് ഷായുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. പ്രശ്നം പരിഹരിക്കാൻ ആറംഗസമിതി രൂപീകരിക്കാനും നിലവിൽ സുപ്രീംകോടതിയിൽ നടക്കുന്ന കേസുകളിൽ തീർപ്പാകും വരെ ബലഗാവിക്ക് മേൽ അവകാശവാദം ഉന്നയിക്കേണ്ടെന്നുമാണ് ഇരുസംസ്ഥാനങ്ങളും തമ്മിൽ ധാരണയായത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ഈ താത്കാലിക പ്രശ്നപരിഹാരമുണ്ടായത്. കർണാടക, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായ ബസവരാജ് ബൊമ്മയ്യും എക്നാഥ് ഷിൻഡേയും യോഗത്തിൽ നേരിട്ട് പങ്കെടുത്തു. ഇരുസംസ്ഥാനങ്ങളിലേയും ഉപമുഖ്യമന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തു. ഇരു സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് മന്ത്രിമാർ വീതമുള്ള സമിതി രൂപീകരിച്ച് മറ്റു പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാനാണ് നിലവിലെ ധാരണ.
ഇരു സംസ്ഥാനത്തെയും പ്രതിപക്ഷ കക്ഷികൾ അതിർത്തിത്തർക്കത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് അമിത് ഷാ പറഞ്ഞു. വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി വരും വരെ ഇരുസംസ്ഥാനങ്ങളും കാത്തിരിക്കണം. അ‌തുവരെ തർക്കപ്രദേശത്തിനായി ഇരുകൂട്ടരും അ‌വകാശവാദം ഉന്നയിക്കരുത്. ഭരണഘടനാപരമായ രീതികളിലൂടെ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാനാവൂ. അല്ലാതെ അതിർത്തിത്തർക്കം റോഡിൽ തീർക്കാനാവില്ലെന്നും അമിത് ഷാ പറഞ്ഞു.

Back to top button
error: