NEWSPravasi

സ്നേഹമാണകില സാരമൂഴിയിൽ, സൗദിയിൽ നിന്ന് സഹറാനി വരുന്നു സുലൈമാനെ കാണാൻ

കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്തെ തൻ്റെ പച്ചക്കറിക്കടയിൽ നിന്നപ്പോഴാണ് സുലൈമാന് ആ കോൾ വന്നത്: ”സുലൈമാനെ നിനക്ക് സുഖമാണോ…” പച്ചക്കറിക്കടയിലെ വൈകീട്ടത്തെ തിരക്കിനിടയിലും അറബിയിലുള്ള ശബ്ദം കേട്ട് സുലൈമാന്റെ കണ്ണുകള്‍ സന്തോഷംകൊണ്ട് നിറഞ്ഞു.

മരുഭൂമിയിലെ ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥനായിരുന്ന സൗദി അറേബ്യ മക്ക സ്വദേശി മുഹമ്മദ് അബ്ദുല്ല അല്‍ സഹറാനിയായിരുന്നു ഫോണിൽ…! വര്‍ഷങ്ങളോളം തുടർന്ന സൗഹൃദത്തിലെ നീണ്ട ഇടവേളക്കുശേഷമായിരുന്നു ആ ഫോണ്‍വിളി.
1993ലാണ് ശ്രീനാരായണപുരം കട്ടന്‍ബസാര്‍ പനപ്പറമ്പില്‍ സുലൈമാന്‍ സൗദിയിലെത്തുന്നത്. ലേബര്‍ ക്യാമ്പിലെത്തിയ സുലൈമാന് കോടതിയിലെ സഹായിയായാണ് ജോലി ലഭിച്ചത്. എളുപ്പത്തില്‍ അറബിഭാഷ വശത്താക്കിയ ഇദ്ദേഹത്തെ കോടതിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മുഹമ്മദ് അബ്ദുല്ല അല്‍ സഹറാനി സഹായിയായി കൂടെക്കൂട്ടുകയായിരുന്നു. ഇത് സൗഹൃദമായി വളര്‍ന്നു. ഒഴിവുദിവസങ്ങളില്‍ അല്‍ സഹാറിനായുടെ വീട്ടിലെത്തി അത്യാവശ്യം ജോലികള്‍ ചെയ്ത് വീട്ടുകാരുടെയും വിശ്വസ്തനായി.

Signature-ad

ഉദ്യോഗത്തില്‍നിന്ന് വിരമിച്ചശേഷം സഹറാനി മക്കയിലെ വീട്ടിലേക്ക് മടങ്ങി. വര്‍ഷങ്ങള്‍ക്കുശേഷം സുലൈമാനും പ്രവാസജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് പോന്നു. ഇതിനിടയില്‍ മുഹമ്മദ് അബ്ദുള്ള അല്‍ സഹറാനിയും കുടുംബവും സുലൈമാനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. സുലൈമാൻ എന്ന പേരും മലയാളിയുമാണെന്നും മാത്രമേ അറിയൂ. ഒരു ഫോട്ടോയോ ഫോണ്‍ നമ്പരോ പോലുമുണ്ടായില്ല.

അബ്ദുള്ളയുടെ മൂത്തമകന്‍ അഹമ്മദ് അല്‍ സഹറാനിയും സുലൈമാനെ നവമാധ്യമങ്ങള്‍ വഴി തിരഞ്ഞു. സുലൈമാന്റെ സഹോദരന്റെ മകന്‍ അബുദാബിയിലുള്ള സലീമാണ് ഇവര്‍ തിരയുന്നത് തന്റെ കൊച്ചാപ്പയെയാണെന്ന് ആദ്യം തിരിച്ചറിഞ്ഞത്. കുറച്ചുകാലം സൗദിയിലുണ്ടായിരുന്ന സലീം ആ സമയത്ത് സഹറാനിയെ കണ്ടിട്ടുണ്ട്.

സലീം തന്റെ സ്‌പോണ്‍സറുടെ മകന്‍ വഴി സഹറാനിയെ വിളിച്ച് സുലൈമാന്റെ ഫോണ്‍ നമ്പര്‍ കൊടുത്തു. അതേതുടര്‍ന്നാണ് സൗദിയില്‍നിന്ന് വിളിയെത്തിയത്. ഹജ്ജ് കഴിഞ്ഞാല്‍ സുലൈമാനെയും കുടുംബത്തെയും കാണാന്‍ കേരളത്തിലേക്ക് വരാനിരിക്കുകയാണ് സഹറാനിയും കുടുംബവും.

ഇപ്പോള്‍ ഹരിത വെജിറ്റബിള്‍സ് എന്ന പച്ചക്കറിക്കട നടത്തുകയാണ് 63കാരനായ സുലൈമാന്‍.

Back to top button
error: