NEWSPravasi

കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ എഞ്ചിനീയർമാരുടെ രജിസ്‍ട്രേഷന് തുടക്കം; 22ന് മുമ്പ് രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി

കുവൈത്ത് സിറ്റി: കുവൈത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ എഞ്ചിനീയർമാരുടെ രജിസ്‍ട്രേഷൻ തുടങ്ങിയതായി ഇന്ത്യൻ എംബസി അറിയിച്ചു. മുമ്പ് 2020 സെപ്‍റ്റംബർ മാസത്തിലായിരുന്നു ഇത്തരത്തിൽ എഞ്ചിനീയർമാരുടെ രജിസ്ട്രേഷൻ കുവൈത്തിലെ ഇന്ത്യൻ എംബസി നടത്തിയത്. നിലവിലുള്ള വിവരങ്ങൾ പുതുക്കുന്നതിനാണ് ഇപ്പോൾ വീണ്ടും രജിസ്‍ട്രേഷൻ നടത്തുന്നത്.

കുവൈത്തിലെ എല്ലാ ഇന്ത്യൻ എഞ്ചിനീയർമാരും ഓൺലൈനായി എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്ന് ഔദ്യോഗിക വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ച നോട്ടീസിൽ പറയുന്നു. https://forms.gle/vFJaUcjjwftrqCYE6 എന്ന ഗൂഗിൾ ഫോം വഴിയാണ് വിവരങ്ങൾ നൽകേണ്ടത്. ഇതിന് മുമ്പ് രജിസ്റ്റർ ചെയ്‍തിട്ടുള്ളവരും ഇപ്പോൾ വീണ്ടും രജിസ്റ്റർ ചെയ്യണം. 2022 ഡിസംബർ 22 ആണ് അവസാന തീയ്യതി.

Signature-ad

അതേസമയം, കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സും മാൻപവർ അതോറിറ്റിയും സഹകരിച്ച് എഞ്ചിനീയറിങ് സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നത് തുടരുന്നു. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആറു മാസത്തിനിടെ വിവിധ രാജ്യക്കാരായ താമസക്കാർ അറ്റസ്റ്റേഷന് വേണ്ടി 4,320 എഞ്ചിനീയറിങ് സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 5,248 എണ്ണം സമർപ്പിച്ചത് ഓട്ടോമേറ്റഡ് സംവിധാനം വഴിയാണ്.

ഏഴ് എഞ്ചിനീയറിങ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തി. ഇതിൽ നാലെണ്ണം പ്രവാസി ഇന്ത്യക്കാരുടേതാണ്. വെനസ്വേല, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരുടേതാണ് മറ്റുള്ളവ. 74 സർട്ടിഫിക്കറ്റുകൾ ഇതുവരെ പരിശോധിച്ചിട്ടില്ല. 928 എൻജിനീയറിങ് സർട്ടിഫിക്കറ്റുകൾ നിലവിൽ പരിശോധിച്ചുവരികയാണ്. എഞ്ചിനീയർമാരായി ജോലി ചെയ്യുന്നതിനായി വ്യാജ സർട്ടിഫിക്കേറ്റ് സമർപ്പിച്ചവർക്കും അവരെ റിക്രൂട്ട് ചെയ്ത് വിസ നൽകിയവർക്കുമെതിരെ നിയമനടപടി സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.

Back to top button
error: