CrimeNEWS

കുട്ടിയെ നോക്കാത്തതിന് വഴക്കുപറഞ്ഞു; ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മരുമകളും കാമുകനും അറസ്റ്റില്‍

ആലപ്പുഴ: കുട്ടിയെ വേണ്ടവിധം പരിചരിക്കാത്തത് ചോദ്യം ചെയ്ത ഭര്‍ത്തൃപിതാവിനെ, കമ്പിവടിക്ക് അടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതിയും കാമുകനും അറസ്റ്റില്‍. നൂറനാട് പുലിമേല്‍ തുണ്ടത്തില്‍ വീട്ടില്‍ രാജു(56)വിനെ മര്‍ദ്ദിച്ച കേസില്‍ മകന്റെ ഭാര്യ ശ്രീലക്ഷ്മി, കാമുകനായ നൂറനാട് വില്ലേജ് പുതുപ്പള്ളി കുന്ന് മുറിയില്‍ പാറപ്പുറത്ത് വടക്കേതില്‍ ബിപിന്‍ എന്നിവരെയാണ് കൊലപാതക ശ്രമത്തിന് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 29 ന് രാത്രി 11ന് വീടിന് സമീപത്തെ റോഡിലായിരുന്നു സംഭവം. ഹെല്‍മെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് കമ്പിവടി കൊണ്ട് തലയ്ക്കും ശരീരമാസകലവും അടിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. അവശനായ രാജുവിന് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തലയ്ക്ക് 15 തുന്നലുണ്ടായി. നൂറനാട് പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതക ശ്രമത്തിന് കേസെടുത്തു. സിസി ടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഒരാള്‍ വാഹനത്തില്‍ പോകുന്നതായി കണ്ടെങ്കിലും വ്യക്തമല്ലായിരുന്നു. അടിയേറ്റ ദിവസം വൈകിട്ട് രാജുവും മരുമകളും തമ്മില്‍ വഴക്കുണ്ടായെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീലക്ഷ്മി പോലീസ് സംശയ നിഴലിലാക്കി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

Signature-ad

ശ്രീലക്ഷ്മി പറഞ്ഞതനുസരിച്ചാണ് രാജുവിനെ ആക്രമിക്കുവാന്‍ ബിപിന്‍ തീരുമാനിച്ചത്. പടനിലം ജംഗ്ഷനിലേക്ക് പോയ രാജു ബൈക്കില്‍ തിരികെ വരുമ്പോള്‍ ബിപിന്‍ പിന്തുടരുകയും വീടിനു സമീപം എത്തിയപ്പോള്‍ മറികടന്ന് ബൈക്ക് തടഞ്ഞുനിറുത്തി കമ്പിവടിക്ക് അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.

മരുമകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബിപിന്റെ സാന്നിദ്ധ്യം മനസിലായ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരന്നു. മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Back to top button
error: