KeralaNEWS

ഗവര്‍ണറുടെ ഹിയറിംഗ് രാവിലെ പതിനൊന്നിന്, എല്ലാവര്‍ക്കും അരമണിക്കൂര്‍ വീതം; പോവില്ലെന്ന് കണ്ണൂര്‍ വി.സി

തിരുവനന്തപുരം: കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ എട്ട് വൈസ് ചാന്‍സലര്‍മാരുടെ ഹിയറിംഗ് ഇന്ന് നടത്തും. രാവിലെ പതിനൊന്ന് മണിമുതല്‍ രാജ്ഭവനില്‍ നടത്തുന്ന ഹിയറിംഗില്‍ ഓരോ വി.സിക്കും അരമണിക്കൂര്‍ അനുവദിക്കും.

കേരള മുന്‍ വി.സി ഡോ. വി.പി മഹാദേവന്‍ പിള്ളയാണ് ആദ്യം. തിരുവനന്തപുരം മുതല്‍ വടക്കോട്ടാണ് ഹിയറിംഗ് ക്രമം. കുസാറ്റില്‍ പരിപാടിയുള്ളതിനാല്‍ ഓണ്‍ലൈന്‍ ഹിയറിംഗ് വേണമെന്ന സംസ്‌കൃത സര്‍വകലാശാലാ വി.സി എം.വി.നാരായണന്റെ അപേക്ഷ ഗവര്‍ണര്‍ അംഗീകരിച്ചു. അദ്ദേഹത്തിന് ഉച്ചയ്ക്ക് ശേഷം വെര്‍ച്വല്‍ ഹിയറിംഗ് നടത്തും. നിലവില്‍ വിദേശത്തുള്ള എം.ജി യൂണിവേഴ്‌സിറ്റ് വൈസ് ചാന്‍സലറുടെ ഹിയറിംഗ് മറ്റൊരു ദിവസം നടത്തും.

Signature-ad

അതേസമയം, ഹിയറിംഗില്‍ പങ്കെടുക്കില്ലെന്ന് കണ്ണൂര്‍ വി.സി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ഗവര്‍ണറെ ഇ-മെയിലിലൂടെ അറിയിച്ചിട്ടുണ്ട്. തന്റെ പുനര്‍ നിയമന രേഖകളും അദ്ദേഹം ആവശ്യപ്പെട്ടു. സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച വിജ്ഞാപനവും അതിന്റെ നടപടികളുമാണ് ആവശ്യപ്പെട്ടത്. ഇത് പഠിച്ച ശേഷമേ ഹാജരാകാനാവൂ. ജനുവരി മൂന്നിനു ശേഷം ഇതിന് അവസരം നല്‍കണമെന്നാണ് ഇമെയിലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി.സദാശിവം ഗവര്‍ണറായിരിക്കെയാണ് തന്നെ കണ്ണൂര്‍ വി.സിയായി നിയമിച്ചത്. നിയമജ്ഞനായ അദ്ദേഹത്തിന് പിഴവ് പറ്റുമോ? നടപടിക്രമങ്ങളെല്ലാം പാലിച്ചാണ് നിയമനമെന്നും ഗോപിനാഥ് രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി. പുനര്‍ നിയമനത്തിന്റെ രേഖകള്‍ നല്‍കാനാവില്ലെന്ന് രാജ്ഭവന്‍ വി.സിക്ക് മറുപടി നല്‍കി.

Back to top button
error: