ലഹരിയും, പെണ്ണും കൂട്ടു തേടുന്ന ഏകാന്തപഥികനായ ചിത്രകാരൻ്റെ കഥ പറയുന്ന ‘ചായം’ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ട് 49 വർഷം
സിനിമ ഓർമ്മ
‘ചായം’ തീയേറ്ററുകളിലെത്തിയത് 1973 ഡിസംബർ 11 നാണ് . മലയാറ്റൂർ രാമകൃഷ്ണന്റെ കഥയിൽ പി.എൻ മേനോൻ സംവിധാനം ചെയ്‌ത ചിത്രത്തിൽ രാഘവൻ, സുധീർ, ഷീല എന്നിവരായിരുന്നു പ്രധാന താരങ്ങൾ. ‘അമ്മേ അവിടുത്തെ മുന്നിൽ ഞാനാര്, ദൈവമാര്?’ എന്ന വയലാർ ഗാനം ഈ ചിത്രത്തിലേതാണ്. അയിരൂർ സദാശിവൻ പാടിയ ഈ ഗാനമുൾപ്പെടെ ദേവരാജൻ സംഗീതം പകർന്ന 6 ഗാനങ്ങളുണ്ടായിരുന്നു. ടി.എം സൗന്ദർ രാജനും മാധുരിയും പാടിയ ഒരു തമിഴ് ഗാനവും (രചന കണ്ണദാസൻ), അടൂർഭാസിയും സംഘവും പാടിയ നാടോടി ഗാനവും ഉണ്ടായിരുന്നു ‘ചായ’ ത്തിൽ.
എങ്ങുനിന്നോ വന്ന് ഒരു ചേരിയിൽ അഭയം പ്രാപിച്ച ഒരു ചിത്രകാരൻ ആരെയോ അന്വേഷിക്കുന്നതിലൂടെയാണ് ചിത്രത്തിന്റെ വികാസം. ആവശ്യമുള്ളപ്പോൾ ലഹരിയും, പെണ്ണും കൂട്ടു തേടുന്ന ഏകാന്തപഥികനാണ് നായകൻ. മാതൃത്വം എന്ന സങ്കൽപമാണ് അയാൾക്ക് മുന്നിൽ ദിശാബോധം സൃഷ്ടിക്കുന്നത്. അയാൾ അന്വേഷിക്കുന്നതും മാതൃ സങ്കൽപമാണ്
മലയാളനാട് വാരിക പത്രാധിപരായിരുന്ന എസ് കെ നായർ ആണ് ‘ചായം’ നിർമ്മിച്ചത്. ചെമ്പരത്തി, മഴക്കാറ്, മുച്ചീട്ടുകളിക്കാരന്റെ മകൾ എന്നീ ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചു.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ