പാലക്കാട്: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് വൻ ചന്ദന വേട്ട. ആഡംബര കാറിൽ കടത്താൻ ശ്രമിച്ച 30 ലക്ഷം രൂപ വിലമതിക്കുന്ന ചന്ദനമുട്ടികൾ പൊലീസ് പിടികൂടി. ചന്ദനമുട്ടികൾക്ക് 150 കിലോ ഭാരമുണ്ടായിരുന്നു. കാറിലുണ്ടായിരുന്നവർ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഇവരെ എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടുകയും ചെയ്തു.
വാളയാർ ടോൾ പ്ലാസയിൽ ലഹരി വേട്ടയ്ക്കിറങ്ങിയതായിരുന്നു എക്സൈസ് സംഘം. ഈ സമയത്താണ് ഒരു കറുത്ത കാർ പെട്ടെന്ന് മുന്നിലെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥർ കൈ കാട്ടി വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ വാഹനത്തിലുണ്ടായിരുന്നവർ കാർ നിർത്താതെ ഓടിച്ചുപോയി. ഇതോടെ എക്സൈസ് സംഘവും പിന്നാലെ പാഞ്ഞു. കഞ്ചിക്കോട് സിഗ്നൽ ജങ്ഷനിൽ എത്തിയപ്പോൾ യുവാക്കൾ കാർ നിർത്തിയ ശേഷം ഇറങ്ങിയോടി.
പിന്നീട് ഇവർ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി. പിന്നീട് നടത്തിയ പരിശോധനയിലാണ് കാറിൽ ചന്ദനമുട്ടികൾ കണ്ടെത്തിയത്. കാറിനകത്തെ രഹസ്യ അറയിലാണ് ചന്ദനമുട്ടികൾ ഉണ്ടായിരുന്നത്. സേലത്ത് നിന്ന് കൊണ്ടുവന്നതാണ് ചന്ദനമുട്ടികളെന്നാണ് വിവരം. പട്ടാമ്പി സ്വദേശികളായ ഉനൈസ്, അനസ് എന്നിവരാണ് പിടിയിലായിരിക്കുന്നത്. തുടർ നടപടികൾക്കായി തൊണ്ടിമുതലുകളും പ്രതികളെയും വനം വകുപ്പിന് കൈമാറി.