ദില്ലി: സുഖ്വിന്ദർ സിംഗ് സുഖു ഹിമാചൽ പ്രദേശിൽ കോൺഗ്രസ് മുഖ്യമന്ത്രിയാകും. കോൺഗ്രസ് ഹൈക്കമാൻഡിന്റേതാണ് തീരുമാനം. നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഷിംലയിൽ വൈകീട്ട് പ്രഖ്യാപനമുണ്ടാകും. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദമായി പ്രതിഭാ സിംഗ് അടക്കം രംഗത്തെത്തിയെങ്കിലും കൂടുതൽ എംഎൽഎമാരുടെ പിന്തുണ ലഭിച്ചതാണ് സുഖ് വിന്ദറിന് നേട്ടമായത്. രജ്പുത് വിഭാഗത്തിൽ നിന്നുള്ള നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്ന നേതൃത്വത്തിൻ്റെ നിലപാടും ഗുണമായി.
സംസ്ഥാനത്ത് ഇതുവരെ മുഖ്യമന്ത്രിയായ ആറിൽ അഞ്ചുപേരും രജ്പുത്ത് വിഭാഗക്കാരാണ്. ഇതേ വിഭാഗത്തിൽ നിന്നുള്ള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗ് അവകാശവാദമുന്നയിച്ചെങ്കിലും ഹൈക്കമാൻഡ് അംഗീകരിച്ചില്ല. പ്രതിഭയെ അനുനയിപ്പിക്കാൻ മകൻ വിക്രമാദിത്യക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നൽകിയേക്കുമെന്നാണ് വിവരം. അതേ സമയം, പ്രതിഭാ സിംഗിനെ അനുകൂലിച്ച് ഒരു വിഭാഗം പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി കോൺഗ്രസ് ഓഫീസിന് മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരാകണം മുഖ്യമന്ത്രിയെന്നതിൽ കോൺഗ്രസിൽ തർക്കം ആരംഭിച്ചത്. എംഎൽഎമാരുടെ യോഗത്തിൽ സംസ്ഥാന അധ്യക്ഷ പ്രതിഭാ സിംഗും അവകാശവാദമുന്നയിച്ചതോടെ തീരുമാനം ഹൈക്കമാന്റിന് വിട്ടു. എന്നാൽ എംഎൽഎമാരിൽ ഭൂരിപക്ഷവും സുഖ് വിന്ദർ സിംഗിന് ഒപ്പമാണെന്നത് കൂടി കണക്കിലെടുത്ത് ഹൈക്കമാൻഡ് സുഖ് വിന്ദറിന് പച്ചക്കൊടി കാണിക്കുകയായിരുന്നു. സ്വദേശമായ ഹമിർപുർ ജില്ലയിലെ നദൗൻ മണ്ഡലത്തിൽ നിന്നും നാലാം തവണയും വിജയിച്ചുവന്ന നേതാവാണ് സുഖ് വിന്ദർ. 3363 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ വിജയിച്ചത്. ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി തലവനായിരുന്നു അദ്ദേഹം.