കണ്ണൂർ: മൊബൈൽ ഫോണിലൂടെ ഒൻപതാം ക്ലാസുകാരിയോട് അശ്ലീല കാര്യങ്ങൾ സംസാരിച്ച ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. കണ്ണൂർ കണ്ണവം ഡിവൈഎഫ്ഐ മേഖല ട്രഷററായ കെ കെ വിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി ഇയാൾ മകളെ മൊബൈൽ ഫോണിൽ വിളിക്കുന്നത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് രക്ഷിതാക്കൾ ഇതെക്കുറിച്ച് അന്വേഷിക്കുന്നത്. അശ്ലീല കാര്യങ്ങളാണ് സംസാരിക്കുന്നതെന്ന് മനസിലായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
അതേസമയം, മലയിൻകീഴിൽ ഡിവൈഎഫ്ഐ നേതാവും സംഘവും പതിനാറുകാരിയെ ബലാത്സംഗം ചെയ്ത വിവരം പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. കഞ്ചാവ് ബോയ്സ് എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ പെൺകുട്ടിയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചാണ് ഡിവൈഎഫ്ഐ വിളവൂർക്കൽ പ്രസിഡൻറ് ജിനേഷ് ജയനും മറ്റ് ഏഴുപേരും പെൺകുട്ടിയെ പീഡിപ്പിച്ചത്. ഫോണിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം. ആളില്ലാത്ത സമയം നോക്കി പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു എട്ട് അംഗ സംഘത്തിൻറെ രണ്ട് വർഷത്തോളമായുള്ള പീഡനം.
പെൺകുട്ടിക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങൾ ജിനേഷ് മൊബൈലിലും പകർത്തിയിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ വിവാഹിതരായ നിരവധി സ്ത്രികൾക്കൊപ്പമുള്ള സ്വകാര്യ ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ആർക്കും പരാതിയില്ലാത്തതിനാൽ ഇതിൽ കേസ് എടുത്തിട്ടില്ല. മാരകായുധങ്ങളുടെ ഫോട്ടോയും മൊബൈലിലുണ്ട്. ജിനേഷ് മാരകായുധം കൊണ്ട് ബർത്ത് ഡേ കേക്ക് മുറിക്കുന്ന ഫോട്ടോയും പുറത്ത് വന്നിട്ടുണ്ട്. ഡബിൾ എംഎയുള്ള ജിനേഷ് വധശ്രമക്കേസിലെ പ്രതി കൂടിയാണ്. ഡിവൈഎഫ്ഐയുടെ ലഹരിവിരുദ്ധ പ്രചാരണ പരിപാടികളിൽ സജീവമായിരുന്ന ജിനേഷ് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അതേസമയം പീഡനത്തിനിരയായ പെൺകുട്ടി മാനസിക സമ്മർദ്ദം കാരണം കേരളം വിടുകയാണെന്നാണ് റിപ്പോർട്ട്.