തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാൻ എല്ലാ മാസവും സര്‍ക്കാര്‍ നല്‍കിവരുന്ന പ്രത്യേക തുക നിർത്തലാക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ കൂടുതൽ പണം നല്‍കാനാകില്ലെന്ന് ധനവകുപ്പ് കെഎസ്ആര്‍ടിസിയെ അറിയിച്ചു. അധിക ഫണ്ട് വൈകിയതിനാല്‍ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല.
സിംഗിൾ ഡ്യൂട്ടി സമ്പ്രദായം അടക്കമുള്ള പരിഷ്കരണ നടപടികളോട് സഹകരിച്ചാൽ എല്ലാമാസവും പത്താം തിയതിക്കകം ശമ്പളം. ഇതായിരുന്നു കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകൾക്ക് നേരത്തെ മുഖ്യമന്ത്രി നൽകിയ ഉറപ്പ്. എന്നാൽ ഈമാസം പത്താംതീയതിക്ക് അകം ശമ്പളം നൽകാനാവില്ലെന്നാണ് സൂചന. നിയമസഭയിൽ ഇക്കാര്യം ഇന്ന് പ്രതിപക്ഷം ഉന്നയിച്ചെങ്കിലും ഗതാഗതമന്ത്രി മറുപടി പറായതെ ഒഴിഞ്ഞു.
ധനവകുപ്പിൽനിന്ന് പണം ലഭിക്കാൻ വൈകുന്നതാണ് ശന്പള വിതരണത്തെ ബാധിക്കുന്നത്. ഇക്കുറി പാസാക്കിയ 50 കോടിയിൽ 30 കോടി നാളെ വൈകുന്നേരത്തിനകം അക്കൗണ്ടിൽ എത്തുമെന്നാണ് മാനേജ്മെന്റിന്റെ പ്രതീക്ഷ. അങ്ങിനെയെങ്കിൽ ഈ മാസം ജീവനക്കാർക്ക് ശന്പളം കിട്ടാൻ തീയതി 12 ആകും.
പണം തനത് ഫണ്ടിലൂടെ കണ്ടെത്തണം എന്നാണ് കെഎസ്ആര്‍ടിസിയോട് ധനവകുപ്പ് നിര്‍ദേശിക്കുന്നത്. ഒറ്റത്തവണ സഹായമായി അടുത്ത ബജറ്റിൽ 1500 കോടി രൂപ നൽകാമെന്നാണ് ധനവകുപ്പ് പറയുന്നത്. ഈ നിർദ്ദേശത്തോട് ഇതുവരെ കെഎസ്ആർടിസി മാനേജ്മെന്റ് പ്രതികരിച്ചിട്ടില്ല. പ്രതിവര്‍ഷം 1000 കോടിയാണ് കെഎസ്ആര്‍ടിസിക്കായി ബജറ്റില്‍ വകയിരുത്തുന്നത്. കോര്‍പ്പറേഷന്റെ സാന്പത്തിക പ്രതിസന്ധി കാരണം പലപ്പോഴും തുക ബജറ്റിന് പുറത്തു പോകുന്നതാണ് രീതി. കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് 8532.66 കോടി രൂപയാണ് കെഎസ്ആര്‍ടിസി സര്‍ക്കാരിന് തിരിച്ച് നല്‍കാനുള്ളത്.