തിരുവനന്തപുരം: കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയുടെ ചാന്‍സലറായി പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ്. ‘ഇന്ത്യന്‍ ശാസത്രീയനൃത്തത്തിന് ലോകഖ്യാതി നേടിക്കൊടുത്ത വ്യക്തമായ നിലപാടുകളുള്ള കലാകാരിയാണ് പത്മഭൂഷണ്‍ മല്ലികാ സാരാഭായി.
പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടെയും മകളായി ജനിച്ച മല്ലിക സാരാഭായ് കുച്ചുപ്പുടിയിലും ഭരതനാട്യത്തിലും ലോകം അംഗീകരിച്ച നര്‍ത്തകിയാണ്. നൃത്തത്തില്‍ മാത്രമല്ല നാടകം, സിനിമ, ടെലിവിഷന്‍, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നിവയിലെല്ലാം സ്വന്തം പ്രതിഭ തെളിയിച്ചിട്ടുണ്ട് .
സാമൂഹികപരിവര്‍ത്തനത്തിനാണ് അവര്‍ കലയെ പ്രധാനമായും ഉപയോഗിക്കുന്നത്. അരങ്ങിലെത്തുമ്പോഴെല്ലാം കാഴ്ചക്കാരുടെ മനസ്സിനെ കീഴടക്കുക മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. മറിച്ച് ബോധമണ്ഡലത്തെ മാറ്റി മറിക്കുക എന്നതുകൂടിയായിരുന്നു.
പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടംഗമാണ് മല്ലികയുടെ മാതാവ് മൃണാളിനി .1953 ല്‍ ഗുജറാത്തിലാണ് മല്ലികയുടെ ജനനം. അഹമ്മദാബാദിലെ സെന്റ് സേവ്യേഴ്‌സ് കലാലയത്തില്‍ പഠിച്ചു. അഹമ്മദാബാദ് ഐ.ഐ.എംല്‍ നിന്ന് എം.ബി.എ ബിരുദം കരസ്ഥമാക്കി. ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് 1976 ല്‍ ഡോക്ടറേറ്റും നേടി
ചെറുപ്പത്തിലേ നൃത്തം പഠിച്ചു തുടങ്ങിയ മല്ലിക, പതിനഞ്ച് വയസ്സുള്ളപ്പോള്‍ സമാന്തര ചലച്ചിത്ര മേഖലയിലേക്ക് പ്രവേശിച്ചു. പീറ്റര്‍ ബ്രൂക്ക്‌സിന്റെ ‘ദി മഹാഭാരത’ എന്ന നാടകത്തില്‍ ദ്രൗപതിയെ അവതരിപ്പിച്ചു ശ്രദ്ധേയയായി.
ഒരു നര്‍ത്തകി എന്നതോടൊപ്പം തന്നെ ഒരു സാമുഹിക പ്രവര്‍ത്തകകൂടിയാണ്. മല്ലികയുടെ അഹമ്മദാബാദിലെ ‘ദര്‍പ്പണ അക്കാഡമി ഓഫ് പെര്‍ഫോര്‍മിംഗ് ആര്‍ട്ട്‌സ്’ ഇന്നും കലയെ സമൂഹ്യ പ്രതിപദ്ധതയ്ക്കുള്ള ഉപാധിയായി നിലര്‍ത്തുന്ന പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. സമകാലീന വിഷയവുമായി ബന്ധപ്പെട്ട നിരവധി സൃഷ്ടികള്‍ മല്ലിക സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. ഇന്ത്യന്‍ നാട്യകലെക്കുറിച്ച് നിരവധി ആധികാരിക ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.
ടി.വി ചന്ദ്രന്‍ സംവിധാനം ചെയ്ത ഡാനി എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട് മല്ലിക സാരാഭായ്.