പത്തനംതിട്ട: കേരളത്തിലുടനീളം സംസാരിക്കണണമെന്നും പാര്‍ട്ടിയുടെ സന്ദേശം എല്ലായിടത്തും എത്തിക്കണമെന്നും തന്നോട് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണെന്ന് ശശി തരൂര്‍. അദ്ദേഹം മൂന്നുതവണ ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടു. ഇതെല്ലാം ചെയ്യാന്‍ തുടങ്ങുമ്പോള്‍ എന്തുകൊണ്ടാണ് വിവാദമുണ്ടാകുന്നതെന്ന് മനസിലാകുന്നില്ലെന്നും വിവാദം എന്തിനെന്ന് വിവാദം ഉണ്ടാക്കുന്നവരോട് തന്നെ ചോദിക്കണമെന്നും തരൂര്‍ അടൂറില്‍ പറഞ്ഞു.
പത്തനംതിട്ടയിലെ സന്ദര്‍ശനം ഡി.സി.സി പ്രസിഡന്റിനെ അറിയിച്ചിരുന്നു. ഇതിന്റെ ഫോണ്‍ കോളും തീയതി അടക്കമുള്ള വിവരങ്ങള്‍ കൈവശമുണ്ടെന്നും ഇക്കാര്യത്തില്‍ പരാതി കൊടുത്തിട്ടുണ്ടെങ്കില്‍ അതിന് മറുപടി നല്‍കാന്‍ അറിയാമെന്നും തരൂര്‍ പറഞ്ഞു. പരിപാടിക്ക് ഡി.സി.സി പ്രസിഡന്റ് വരാത്തത് സംബന്ധിച്ച ചോദ്യത്തോട് അദ്ദേഹത്തിന്റെ സൗകര്യം തനിക്കറിയില്ലെന്നും വരുന്നവര്‍ വരട്ടെ വരാത്തവര്‍ വരേണ്ടെന്നും തരൂര്‍ പ്രതികരിച്ചു.
കോണ്‍ഗ്രസിനുള്ളിലെ വിഭാഗീയതില്‍ ലീഗിന് എതിര്‍പ്പുണ്ടല്ലോ എന്ന ചോദ്യത്തിന് താനും അതില്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നും തരൂര്‍ മറുപടി നല്‍കി. താന്‍ ഒരു വിഭാഗീയതയും ഉണ്ടാക്കിയിട്ടില്ലെന്നും എല്ലാവരും ഒന്നിച്ച് മുന്നോട്ടുപോകണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.