KeralaNEWS

സർക്കാർ ഓഫീസുകളിലെ ഉദ്യോഗസ്ഥ യജമാനന്മാർക്ക് പാവങ്ങളോടു പക, കൊല്ലത്തെ നിഷയും കണ്ണൂരിലെ സുകുമാരിയും നേരിട്ട പൊള്ളുന്ന അനുഭവങ്ങൾ വായിക്കുക

നീതിയും നിയമവുമൊന്നും നിഷയ്ക്കും സുകുമാരിക്കും തുണയായില്ല. ജീവിതകാലം മുഴുവൻ പ്രതീക്ഷകളോടെ കാത്തിരുന്ന ജോലി തട്ടിത്തെറിപ്പിച്ചു കൊണ്ടാണ് നിഷ ബാലകൃഷ്ണനോട് തലസ്ഥാനത്തെ നഗരകാര്യ വകുപ്പ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥൻ പക വീട്ടിയത്. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം രാത്രി 12 മണിക്ക് ഒഴിവു റിപ്പോർട്ട് ചെയ്തു. മനഃപൂർവമായിരുന്നു അത്. അടുത്ത രണ്ടു ദിവസങ്ങൾ പൊതുഅവധി. മൂന്നാംനാൾ പി.എസ്‌.സി നിയമനം നിഷേധിച്ചു. പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്ന കാരണം ചൂണ്ടിക്കാട്ടി കോടതിയും കൈ ഒഴിഞ്ഞു.37 വയസു പിന്നിട്ട നിഷയ്ക്ക് ഇനി സർക്കാർ ജോലിക്ക് അപേക്ഷിക്കാനാവില്ല.     കണ്ണൂർ കേളകത്തെ പി.എൻ സുകുമാരിക്ക് മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ വേണ്ടി ഉദ്യോഗസ്ഥ പ്രഭ്വതികളുടെ പുലഭ്യം കേട്ട്സർക്കാർ ഓഫീസ് കയറി ഇറങ്ങേണ്ടി വന്നത് എട്ടുവർഷം.

വൈകിട്ട് 5 മണിക്ക് അടയ്ക്കുന്ന സർക്കാർ ഓഫിസിൽ നിന്ന് റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അർധരാത്രി 12ന് ഒഴിവ് റിപ്പോർട്ട് ചെയ്തപ്പോൾ നഗരകാര്യ വകുപ്പ് ഡയറക്ടർ ഓഫിസിലെ ആ ഉദ്യോഗസ്ഥന് കുറച്ചെങ്കിലും പക അടങ്ങിയിട്ടുണ്ടാവാം. പക്ഷേ, നിഷ എന്ന 37 കാരിയുടെ ജീവിതവും സ്വപ്നങ്ങളും അതോടെ തകർന്നു പോയി.

Signature-ad

കൊല്ലം ചവറ സ്വദേശിയായ നിഷ എറണാകുളം ജില്ലയിൽ വിവിധ വകുപ്പുകളിലേക്കുള്ള എൽ.ഡി ക്ലാർക്ക് റാങ്ക് പട്ടികയിൽ 696–ാം റാങ്കുകാരിയായിരുന്നു. നിഷയും റാങ്ക് ലിസ്റ്റിലുള്ള ചിലരും ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യിച്ചാണ് നിയമനത്തിന് വേഗം കൂട്ടിയത്. എന്നാൽ, ഉദ്യോഗാർഥികളുടെ ഈ ‘ആത്മാർത്ഥത’ തലസ്ഥാനത്തെ നഗരകാര്യ വകുപ്പ് ഡയറക്ടറേറ്റിലെ മേലാളന് അത്ര പിടിച്ചില്ല. റാങ്ക് പട്ടികയിൽ നിഷയുടെ ഊഴം എത്തിയപ്പോഴാണ് ഉദ്യോഗസ്ഥൻ അതിൻ്റെ പക തീർത്തത്.

കൊച്ചി കോർപറേഷൻ ഓഫിസിലുണ്ടായ ഒഴിവ്, റാങ്ക് പട്ടികയുടെ കാലാവധി തീരാൻ 3 ദിവസം ബാക്കി നിൽക്കെ നഗരകാര്യ ഡയറക്ടറുടെ ഓഫിസിലേക്ക് 2018 മാർച്ച് 28 നു റിപ്പോർട്ട് ചെയ്യിച്ചു. നിഷയും സുഹൃത്തുക്കളും ഇതിനായി പലവട്ടം ഓഫീസുകൾ കയറിയിറങ്ങി. ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ കണ്ട് ഒഴിവ് പി.എസ്‌.സി‌യെ അറിയിക്കണമെന്ന് കേണപേക്ഷിച്ചു. 29 നും 30 നും പൊതു അവധി ദിനങ്ങൾ. 31 നു വൈകുന്നേരത്തിനു മുൻപെങ്കിലും റിപ്പോർട്ട് ചെയ്യണേ എന്ന് അപേക്ഷിച്ച് പല തവണ നിഷ ഉദ്യോഗസ്ഥന് ഫോൺ ചെയ്തു.

പക്ഷേ, ആ ഉദ്യോഗസ്ഥൻ എറണാകുളം ജില്ലാ പി.എസ്‌.സി ഓഫിസർക്കു ഒഴിവ് റിപ്പോർട്ട് ചെയ്തത് 31 ന് അർധരാത്രി കൃത്യം 12 മണിക്ക്. പി.എസ്‌.സി ഓഫിസിൽ ഇ മെയിലിൽ അതു ലഭിച്ചത് 12 പിന്നിട്ട് 4 സെക്കൻഡുകൾക്കു ശേഷം. പട്ടികയുടെ കാലാവധി അർധരാത്രി 12 ന് അവസാനിച്ചു എന്നു പറഞ്ഞ് പിഎസ്‌സി നിയമനം നിഷേധിച്ചു. പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നതു ചൂണ്ടിക്കാട്ടി കോടതിയും ഇടപെട്ടില്ല.

നിഷയ്ക്ക് ഇനി സർക്കാർ ജോലിക്ക് അപേക്ഷിക്കാനാവില്ല. പ്രായം തടസ്സം. വൈകിട്ട് 5 മണിക്ക് അടയ്ക്കുന്ന ഓഫിസിൽ നിന്ന് അർധരാത്രി 12 ന് ഒഴിവ് റിപ്പോർട്ട് ചെയ്യാനുള്ള കാരണമെന്തെന്ന് ആ ഉദ്യോഗസ്ഥനോട് ഇന്നേവരെ ആരും അന്വേഷിച്ചില്ല.

കണ്ണൂരിലെ പി.എൻ സുകുമാരിയുടെ കഥ മറ്റൊന്നാണ്. മൂന്നേ മൂന്നു ദിവസം കൊണ്ടു തീരേണ്ട ദുരിതപർവം. പക്ഷേ, ലളിതമായ ആ തിരുത്തിന് വേണ്ടി സുകുമാരിക്ക് സർക്കാർ ഓഫിസുകൾ കയറിയിറങ്ങേണ്ടി വന്നത് 8 വർഷം. പുതിയ രേഖകളോ മറ്റോ പുതിയതായി സമർപ്പിക്കുക പോലും വേണ്ടി വന്നില്ല. പി.എൻ സുകുമാരി നിറചിരിയോടെ ഇന്നലെ മകളുടെ തിരുത്തിയ ജനന സർട്ടിഫിക്കറ്റ് കൈപ്പറ്റി.

ചെട്ടിയാംപറമ്പിലെ പണി പൂർത്തിയാകാത്ത വീട്ടിൽ, മകളുടെ ഭാവിക്കായി ഇനി സന്തോഷത്തോടെ ജോലി ചെയാം എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു കേളകത്തെ അക്ഷയ സെന്ററിൽ നിന്നു സർട്ടിഫിക്കറ്റ് കൈപ്പറ്റുമ്പോൾ സുകുമാരിയുടെ മുഖത്ത്.

2006 ഏപ്രിൽ 25ന് തലശ്ശേരി താലൂക്ക് ആശുപത്രിയിൽ ജനിച്ച മകളുടെ പേരിനൊപ്പം അച്ഛന്റെയും അമ്മയുടെയും പേര് തെറ്റായി രേഖപ്പെടുത്തിയത് ആശുപത്രി അധികൃതരാണ്. അമ്മയുടെ പേര് പി.എൻ സുകുമാരി എന്നതിനു പകരം പി.എൻ.കുമാരി എന്നും പിതാവിന്റെ പേര് പി.കെ.സോമൻ എന്നതിനു പകരം പി.ജോഷി വേലു എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്.

മകളുടെ വിദ്യാഭ്യാസത്തിന് 4ാം ക്ലാസിൽ വച്ചു ഹോസ്റ്റലിലേക്ക് മാറ്റാൻ നോക്കുമ്പോഴാണു പേരു മാറിയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. അവിടുന്ന് തുടങ്ങി സുകുമാരി ഓരോ ഓഫീസുകൾ കയറിയിറങ്ങുന്നു. 2009 സെപ്റ്റംബർ 16ന് അച്ഛൻ പി.കെ സോമൻ ജോലിക്കിടെ മരണപ്പെട്ടു. അദ്ദേഹത്തിന്റെ മരണ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി കിട്ടാനും രേഖകളുടെ അഭാവം കാരണം താമസമെടുത്തു.

2017ലാണു സോമന്റെ മരണ സർട്ടിഫിക്കറ്റ് ലഭിച്ചത്. മകളുടെ ജനന സർട്ടിഫിക്കറ്റിലെ തെറ്റുതിരുത്താൻ പിതാവിന്റെ ഐഡി കാർഡ് ഒഴികെയുള്ളവയെല്ലാം ഹാജരാക്കി. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ തലശ്ശേരി മുനിസിപ്പാലിറ്റി റജിസ്ട്രാർ തയാറായിരുന്നില്ല. ഓഫിസിൽ സർട്ടിഫിക്കറ്റിനായി എത്തിയപ്പോൾ ഒട്ടേറെ തവണ അദ്ദേഹം ദേഷ്യപ്പെട്ടതായി സുകുമാരി ഓർക്കുന്നു.

വിധവകളുടെ മക്കൾക്കുള്ള ‘സ്നേഹപൂർവം’ സ്കോളർഷിപ്പിനു അപേക്ഷിക്കാനും പത്താം ക്ലാസിലെ സർട്ടിഫിക്കറ്റിലെ വിവരങ്ങൾ ആധികാരികമായി നൽകാനുള്ള സമയം അടുത്തിരിക്കെയാണ് അവസാന ശ്രമമെന്ന നിലയിൽ 28ന് കേരള വിധവ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ സുകുമാരി ഒറ്റയാൾ സമരത്തിനെത്തിയത്. എന്തായാലും മാനസാന്തരം വന്ന ഉദ്യോഗസ്ഥ പ്രഭു ഒടുവിൽ തെറ്റു തിരുത്താൻ തയ്യാറായി.

സർക്കാർ ഓഫീസുകളിലെ മരക്കസേരയിലിരുന്ന് മരമായി മാറിയ ഈ ഉദ്യോഗസ്ഥ യജമാനന്മാർക്ക് ആര് മൂക്കുകയറിടും…?

Back to top button
error: