CrimeNEWS

രേഖകളില്ലാതെ വ്യാജ നമ്പർ ഉപയോഗിച്ച് സർവീസ് നടത്തിയ ടൂറിസ്റ്റ് ബസ് കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് പിടികൂടി

കൊച്ചി: രേഖകളില്ലാതെ വ്യാജ നമ്പർ ഉപയോഗിച്ച് സർവീസ് നടത്തിയ ടൂറിസ്റ്റ് ബസ് കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് പിടികൂടി. തിരുവനന്തപുരത്തു നിന്നും വിദ്യാർത്ഥികളുമായി വിനോദയാത്രക്ക് എത്തിയ സ്പാർടെൻസ് ബസാണ് പിടിച്ചെടുത്തത്. നികുതി അടച്ചിട്ടില്ല, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ല, ഇൻഷുറൻസ് പരിരക്ഷയുമില്ല. ഒരു വാഹനം റോഡില്‍ സര്‍വീസ് നടത്താൻ ആവശ്യമുള്ള ഒരു രേഖയുമില്ലാതെയാണ് കെ.എല്‍.74. 3303 നമ്പര്‍ സ്പാർടെൻസ് ടൂറിസ്റ്റ് ബസ് സര്‍വീസ് നടത്തിയത്. എല്ലാ രേഖകളുമുള്ള മറ്റൊരു ടൂറിസ്റ്റ് ബസിന്‍റെ നമ്പറിലായിരുന്നു ഈ ബസിന്‍റെ സര്‍വീസ്.

യഥാര്‍ത്ഥ നമ്പര്‍ എഴുതിയത് മറച്ച് രേഖകളുള്ള ബസിന്‍റെ കെ.എല്‍.74.3915 എന്ന നമ്പറിലാണ് ബസ് ഓടിയത്. തിരുവന്തപുരത്തെ സ്കൂളില്‍ നിന്നുള്ള 45 വിദ്യാര്‍ത്ഥികളുമായി കൊച്ചിയിലേക്ക് വിനോദയാത്രക്കെത്തിയ ബസ് രഹസ്യ വിവരത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 28 ലക്ഷം രൂപയുടെ ലോൺ അടക്കം 31.5 ലക്ഷം രൂപക്ക് ബസ് വാങ്ങിയതാണെന്നാണ് ഉടമ പറയുന്നത്. വ്യാജ നമ്പറിലുള്ള ബസാണെന്ന് അറിഞ്ഞില്ലെന്നും പണമിടപാട് തീരുന്ന മുറക്ക് രേഖകള്‍ നല്‍കാമെന്ന് പഴയ ഉടമ പറഞ്ഞെന്നുമാണ് ഇയാള്‍ പറയുന്നത്. ബസ് കസ്റ്റഡിയിലെടുത്ത മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ടൂര്‍ ഓപ്പറേറ്ററോട് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചു പോകാൻ മറ്റൊരു ബസ് ഏര്‍പ്പാടാക്കിക്കൊടുക്കാൻ നിര്‍ദ്ദേശിച്ചു.

Signature-ad

വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ വ്യാജ നമ്പർ പ്ലേറ്റുമായി ഓടിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ദീപാ ട്രാവൻസ് എന്ന ബസാണ് പിടിച്ചെടുത്തത്. വാഹന രേഖകൾ കൃത്യമല്ലാത്തതിനാൽ മറ്റൊരു വാഹനത്തിന്റെ നമ്പർ പ്ലേറ്റുമായി സർവീസ് നടക്കുകയായിരുന്നുവെന്ന് എംവിഡി ഉദ്യോഗസ്ഥർ വിശദമാക്കി. തൃശ്ശൂർ മുല്ലശ്ശേരിയിൽ നിന്നാണ് ബസ് പിടികൂടിയത്. ബസ് ഉടമയിൽ നിന്ന് പത്തൊമ്പതിനായിരം രൂപ പിഴ ഈടാക്കി.

Back to top button
error: