രാജ്യത്ത് ഡെങ്കിപ്പനി കേസുകള്‍ മുൻവര്‍ഷങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതലാണ് ഇക്കുറി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രധാനമായും ദില്ലിയില്‍ തന്നെയാണ് കാര്യമായ തോതില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഡെങ്കിപ്പനി ചില സന്ദര്‍ഭങ്ങളില്‍ രോഗിക്ക് വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കാതെ കടന്നുപോകാം. എന്നാല്‍ മറ്റ് ചിലപ്പോള്‍ രോഗിയുടെ ജീവന് വരെ ഇത് ഭീഷണിയാകാം. അതിനാല്‍ തന്നെ ഡെങ്കിപ്പനി സമയത്തിന് തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യേണ്ടതുണ്ട്.
ഡെങ്കിപ്പനിക്ക് പ്രത്യേകമായി ചികിത്സകളൊന്നുമില്ല. എന്നാല്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളായി വരുന്ന അനുബന്ധ പ്രശ്നങ്ങള്‍ക്കാണ് ചികിത്സയെടുക്കുക. പ്രധാനമായും രക്തകോശങ്ങളുടെ കൗണ്ട് കുറയുന്നത് പോലെ ജീവന് ഭീഷണിയാകാവുന്ന കാര്യങ്ങള്‍ക്കാണ് ചികിത്സ തേടേണ്ടത്.
പനി, തലവേദന, ശരീരവേദന, ചര്‍മ്മത്തില്‍ പാടുകള്‍- നിറവ്യത്യാസം, അസഹനീയമായ തളര്‍ച്ച എന്നിവയെല്ലാമാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. വൈറല്‍ അണുബാധയായതിനാല്‍ തന്നെ ഇത് ഭേദപ്പെട്ടാലും ശരീരത്തില്‍ ഇതിന്‍റേതായ ക്ഷീണം നിലനില്‍ക്കാം. ഇതെല്ലാം പരിഹരിക്കുന്നതിനായി ഡെങ്കിപ്പനിക്ക് ശേഷം ഡയറ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അത്തരത്തില്‍ നിങ്ങള്‍ക്ക് ആരോഗ്യകരമായ പഴയ ജീവിതത്തിലേക്ക് മടങ്ങാൻ സഹായകമായ ഡയറ്റ് ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
- ബ്രേക്ക്ഫാസ്റ്റിന് പാല്‍, കോണ്‍ഫ്ളേക്സ്, പോറിഡ്ജ്, യോഗര്‍ട്ട്, ഫ്രൂട്ട്സ്. പച്ചക്കറികള്‍, ടോസ്റ്റ്, മുട്ട,ചപ്പാത്തിയും പച്ചക്കറികള്‍ ചേര്‍ത്ത സ്റ്റ്യൂ എന്നിങ്ങനെയുള്ളവ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
- ഉച്ചഭക്ഷണമാണെങ്കില്‍ ചപ്പാത്തി (രണ്ട്), പരിപ്പ്, ചോറ് -ചിക്കൻ, മീൻ കറി, സലാഡ്, കടല പുഴുങ്ങിയത്, പനീര്‍, വെജിറ്റബിള്‍ സ്റ്റ്യൂ, തൈര് തുടങ്ങിയവയെല്ലാം തെരഞ്ഞെടുക്കാം. ഇവയില്‍ ഇഷ്ടാനുസരണം കോംബോ നിശ്ചയിക്കാം.
- ഇടനേരങ്ങളില്‍ ഇളനീര്‍, വെജിറ്റബിള്‍ സൂപ്പ്, ചിക്കൻ സൂപ്പ്, കൂണ്‍ സൂപ്പ്, മാതളം- ഓറഞ്ച്- മുന്തിരി പോലുള്ള പഴങ്ങള്‍, ഹെര്‍ബല്‍ ചായകള്‍ എന്നിങ്ങനെയുള്ളവയെല്ലാം കഴിക്കാം.
- അത്താഴത്തിനാണെങ്കില്‍ അല്‍പം ലഘുവായ വല്ലതും കഴിക്കുന്നതാണ് ഉചിതം. ചോറ്‍, ചപ്പാത്തി, വെജിറ്റബിള്‍ സ്റ്റ്യൂ, ബോയില്‍ഡ് ചിക്കൻ സ്റ്റ്യൂ, പാല്‍, മാഷ്ഡ് പൊട്ടാറ്റോ, പരിപ്പ് എന്നിങ്ങനെയുള്ള ഭക്ഷണങ്ങള്‍ ഇതിനായി തെരഞ്ഞെടുക്കാം.
- പൊതുവില്‍ വൈറ്റമിൻ-സി സമ്പന്നമായ ഭക്ഷണങ്ങള്‍ (നെല്ലിക്ക, പപ്പായ, ഓറഞ്ച് ജ്യൂസ്) നന്നായി കഴിക്കുക. ഇവയെല്ലാം ശരീരം ആരോഗ്യനിലയിലാകാൻ എളുപ്പത്തില്‍ സഹായിക്കും. എളുപ്പത്തില്‍ ദഹിക്കാവുന്ന ഭക്ഷണങ്ങള്‍ (ഇലക്കറികള്‍, ആപ്പിള്‍, നേന്ത്രപ്പഴം, സൂപ്പുകള്‍, സെറില്‍, ഹെര്‍ബല്‍ ചായകള്‍ ) എന്നിവയെല്ലാം കഴിക്കാം.
- പ്ലേറ്റ്ലെറ്റ് രക്താണു വര്‍ധിപ്പിക്കുന്ന പഴങ്ങള്‍ (മാതളം പോലെയോ മുന്തിരി പോലെയോ), ഇലക്കറികള്‍, കോഡ് ലിവര്‍ ഓയില്‍, ഫ്ളാക്സ് സീഡ് ഓയില്‍, ഗ്രീൻ ടീ എന്നിവയെല്ലാം കഴിക്കുക. ക്യാരറ്റ്, ലെറ്റൂസ്, പാപ്രിക, കാബേജ്, ബ്രൊക്കോളി, ബീറ്റ്റൂട്ട് എന്നിവയെല്ലാം പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടാൻ സഹായകമാണ്.
- സ്പൈസിയായ ഭക്ഷണങ്ങള്‍ കഴിയുന്നതും ഈ ഘട്ടത്തില്‍ ഒഴിവാക്കുന്നതാണ് നല്ലത്. പ്രോസസ്ഡ് ഫുഡ്, മധുരപാനീയങ്ങള്‍ എന്നിവയും വേണ്ടെന്ന് വയ്ക്കാം. പച്ചക്കറികള്‍ കാര്യമായി പച്ചയ്ക്ക് കഴിക്കുകയും വേണ്ട. നല്ലതുപോലെ വെള്ളം കുടിക്കുക, ജ്യൂസുകളും കഴിക്കുക. തൈരും ഏറെ നല്ലതാണ്.