ബംഗളൂരു: മംഗളൂരുവില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിന് തീവ്രവാദബന്ധമുണ്ടെന്ന് കര്‍ണാടക പോലീസ്. ഇന്നലെ വൈകിട്ട് നാഗോരിയിലുണ്ടായ സ്‌ഫോടനം യാദൃശ്ചികമല്ലെന്നും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനമാണെന്നും സംസ്ഥാന പോലീസ് മേധാവി പ്രവീണ്‍ സൂദ് സ്ഥിരീകരിച്ചു. കേന്ദ്ര ഏജന്‍സികള്‍ക്കൊപ്പം സംസ്ഥാന പോലീസും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം ആരംഭിച്ചു. കേരളത്തിലേക്കടക്കം അന്വേഷണം നീളുമെന്നാണ് സൂചന.
ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. യാത്രക്കാരനുമായി പോയ ഓട്ടോറിക്ഷയ്ക്ക് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. ഒരു കെട്ടിടത്തിന് സമീപമുള്ള റോഡില്‍ ഓട്ടോറിക്ഷ നിര്‍ത്തിയ ശേഷമാണ് സ്ഫോടനം ഉണ്ടായത്. യാത്രക്കാരനും ഡ്രൈവര്‍ക്കും സാരമായി പൊള്ളലേല്‍ക്കുകയും ചെയ്തു. ഉടന്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ബോംബ് സ്‌ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് സ്ഫോടനമാണെന്ന നിഗമനത്തിലെത്തിയത്. ഓട്ടോറിക്ഷയില്‍ നിന്ന് കത്തിക്കരിഞ്ഞ പ്രഷര്‍ കുക്കറും ബാറ്ററികളും കണ്ടെത്തിയിട്ടുണ്ട്. യാത്രക്കാരന്റെ ബാഗില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ഓട്ടോഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സ്ഫോടനത്തിന് പിന്നില്‍ ഏത് സംഘടനയാണെന്ന് വ്യക്തമല്ല. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരുവില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങളടക്കം വ്യാപകമായി പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 23 ന് കോയമ്പത്തൂരിലുണ്ടായ കാര്‍ സ്‌ഫോടനത്തിന്‍െ്‌റ പശ്ചാത്തലത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ദക്ഷിണേന്ത്യയില്‍ അതീവജാഗ്രതയിലാണ്.