CrimeNEWS

കാമുകൻ്റെ കടം തീർക്കാൻ മുത്തശ്ശിയുടെ 17 പവനും 8 ലക്ഷം രൂപയും മോഷ്ടിച്ചു, യുവതിയും കാമുകനും തൃശ്ശൂരിൽ പിടിയിൽ

    മുത്തശ്ശി ലീലയാണ് 21കാരിയായ സൗപര്‍ണികയുടെ പ്രാണനും ആത്മാവും. അച്ഛൻ സുരേഷ് കട്ടിക്കാലത്തേ മരിച്ചു. പിന്നാലെ അമ്മ മകളെ ഉപേക്ഷിച്ചു വേറെ ജീവിതം തേടിപ്പോയി. തുടർന്ന് ഈ കാലമത്രയും അമ്മൂമ്മയാണ് സൗപര്‍ണികയെ പോറ്റി വളര്‍ത്തിയത്. പക്ഷേ ഒരു സന്നിഗ്ധ ഘട്ടത്തിൽ മുത്തശ്ശിയെ ചതിക്കാൻ കൊച്ചുമകൾ സൗപര്‍ണികയ്ക്ക് യാതൊരു മനസാക്ഷിക്കുത്തും തോന്നിയില്ല. കാമുകന്റെ കടം തീര്‍ക്കാന്‍ വേണ്ടി മുത്തശ്ശിയുടെ 17 പവന്‍ സ്വര്‍ണവും എട്ട് ലക്ഷവും കവര്‍ന്ന ചെറുമകൾ സൗപര്‍ണികയും കാമുകൻ അഭിജിത്തും ഒടുവിൽ ജയിലഴിക്കുള്ളിലായി. പള്ളിപ്പുറം പുളിപ്പറംപില്‍ സൗപര്‍ണിക (21), വെങ്ങിണിശ്ശേരി കൂട്ടാലക്കുന്ന് തലോണ്ട വീട്ടില്‍ അഭിജിത് (21), എന്നിവരെയാണ് തൃശുർ ചേര്‍പ്പ് പൊലീസ് പിടികൂടിയത്.

കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യ ബാങ്കില്‍ നിന്നാണ് പുളിപ്പറംപില്‍ ഭാസ്‌കരന്റെ ഭാര്യ ലീല (72) അറിയാതെ സൗപര്‍ണിക പണവും സ്വര്‍ണാഭരണങ്ങളും രണ്ട് തവണയായി തട്ടിയെടുത്തത്. ലീലയുടെ മൂത്തമകന്‍ സുരേഷിന്റെ മകളാണ് സൗപര്‍ണിക. സുരേഷിന്റെ മരണശേഷം മാതാവ് പെണ്‍കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് അമ്മൂമ്മയാണ് വളര്‍ത്തിയത്.

ലീലയുടെ ഭര്‍ത്താവ് ഭാസ്‌കരൻ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ജീവനക്കാരനായിരുന്നു. മരണശേഷം കുടുംബപെന്‍ഷന്‍ പതിവായി സ്വകാര്യബാങ്കിലെത്തിയിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്നത് ബി.ബി.എക്കാരിയായ സൗപര്‍ണികയാണ്. പണത്തോടൊപ്പം ലോക്കറിലും വീട്ടിലും സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും സൗപര്‍ണ്ണിക തട്ടിയെടുത്ത് കാമുകന് നല്‍കുകയും പകരം റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങള്‍ വയ്‌ക്കുകയും ചെയ്‌തു. തട്ടിയെടുത്ത പണവും സ്വര്‍ണവും സൗപര്‍ണിക അഭിജിത്തിന്റെ കടബാദ്ധ്യത തീര്‍ക്കാനും വീട് പണി നടത്താനുമായി കൂര്‍ക്കഞ്ചേരിയിലെ സ്വകാര്യസ്ഥാപനത്തില്‍ പണയം വച്ചു. പഠനകാലത്ത് തുടങ്ങിയ പ്രണയമാണ് ഇരുവരുടേതും.

ലീല തൃശൂരിലെ ജുവലറിയില്‍ പോയി പുതിയ കമ്മല്‍ വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടര്‍ന്ന് ലീല ഇളയമകള്‍ ഷീബയോട് വിവരം പറഞ്ഞു. മറ്റുസ്വര്‍ണ്ണാഭരണങ്ങള്‍ പരിശോധിച്ചപ്പോള്‍ അതും മുക്കുപണ്ടമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Back to top button
error: