മറഡോണയ്ക്ക് ശസ്ത്രക്രിയ; തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്ന് ആശുപത്രി അധികൃതര്‍
ഇതിഹാസ ഫുട്ബോള്‍ താരം ഡീഗോ മറഡോണയ്ക്ക് ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടര്‍മാര്‍. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ആശങ്കപെടേണ്ട കാര്യമില്ലെന്ന് മരഡോണയുടെ ഡോക്ടര്‍ പറഞ്ഞു.
തിങ്കളാള്ച വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് താരത്തിന് വിവധ പരിശോധനകള്‍ നടത്തിയിരുന്നു. സ്കാനിങ് റിപ്പോര്‍ട്ടിലാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. അദ്ദേഹത്തിന് വിളര്‍ച്ചയും നിര്‍ജലീകരണവും ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം, എപ്പോഴാണ് ശസ്ത്രക്രിയ എന്നിവയെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
2005ല്‍ ബൈപാസ് സര്‍ജറി നടത്തിയതിനു പിന്നാലെ ശരീരത്തിന്റെ ഇരുമ്പിന്റെ അളവ് നിലനില്‍ത്തുന്നതിലും പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. അതാണ് വിളര്‍ച്ചയിലേക്ക് നയിച്ചത്. ലഹരിമരുന്ന് ഉപയോഗിച്ചതിലൂടെയുള്ള മറ്റ് ശാരീരിക-മാനസിക പ്രശ്നങ്ങളും മറഡോണ നേരിടുന്നുണ്ട്.
കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു മറഡോണയുടെ അറുപതാം ജന്മദിനം. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മറഡോണ വിഷമത്തിലാണെന്നും ഭക്ഷണം കഴിക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.
അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള ലാ പ്ലാറ്റയിലെ സ്വകാര്യ ക്ലിനിക്കിലാണ് മറഡോണയെ പ്രവേശിപ്പിച്ചിരിക്കുന്നത്.