മലപ്പുറം: മങ്കട ബ്ലോക്ക്പഞ്ചായത്തിന്റെ വ്യവസായ എസ്റ്റേറ്റിലെ 2.95 ഏക്കര്‍ ഭൂമി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിരമിക്കുന്നതിന്റെ തലേന്ന് ഭാര്യയടക്കം 14 പേര്‍ക്ക് ജന്‍മാധാരമായി എഴുതിക്കൊടുത്തു. ഭരണസമിതി തീരുമാനം നടപ്പാക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന നിലയ്ക്ക് ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി വിജി ജോസാണ് ആധാരത്തില്‍ ഒപ്പുവെച്ചത്. ഏറ്റവും കൂടുതല്‍ ഭൂമി (52.02 സെന്റ്) കിട്ടിയത് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും.
2021 ഡിസംബറിലാണ് വിജി ജോസ് ഇവിടെ ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റത്. ഈവര്‍ഷം മേയ് 31-ന് വിരമിച്ചു. അതിന്റെ തലേന്ന്, അതായത് മേയ് 30-നാണ് മക്കരപ്പറമ്പ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരം നടന്നത്.
നിലവില്‍ വ്യവസായം നടത്തുന്നവര്‍ക്കാണ് ഭൂമി നല്‍കിയതെന്നും അത് എസ്റ്റേറ്റിന്റെ ഭരണഘടന അനുസരിച്ചാണെന്നും പഞ്ചായത്തധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍, സര്‍ക്കാര്‍ അംഗീകരിക്കാതെ തിരിച്ചയച്ച ഭരണഘടനയാണിതെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. മറ്റു സര്‍ക്കാര്‍ ഏജന്‍സികളും ഇടപാടിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി അറിയുന്നു. മുസ്ലിം ലീഗാണ് ബ്ലോക്ക്പഞ്ചായത്ത് ഭരിക്കുന്നത്.