കോട്ടയം: മാങ്ങാനത്ത് സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് 9 പെൺകുട്ടികൾ രക്ഷപ്പെട്ട സംഭവത്തിൽ മഹിളാ സമഖ്യ സൊസൈറ്റിക്കെതിരെ നടപടിക്ക് ശുപാർശ. സൊസൈറ്റിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകളുണ്ടായെന്ന് വനിത ശിശു വികസനവകുപ്പ് ഡയറക്ടർക്ക് ശിശുക്ഷേമ സമിതി റിപ്പോർട്ട് നൽകി. സംസ്ഥാന വനിത ശിശു വകുപ്പിൻറെ കീഴിലുള്ള ഷെൽട്ടർ ഹോമിൻറെ നടത്തിപ്പ് മഹിളാ സമഖ്യ സൊസൈറ്റിക്കാണ്. സ്ഥാപനം അടച്ചുപൂട്ടണമെന്നാണ് നിർദ്ദേശം.
വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംരക്ഷണ കേന്ദ്രത്തിൽ നിന്ന് തിങ്കളാഴ്ച്ചയാണ് കൗമാരക്കാരായ ഒമ്പത് പെൺകുട്ടികൾ രക്ഷപ്പെട്ടത്. രാത്രിയോടെ കുട്ടികൾ രക്ഷപ്പെട്ടെങ്കിലും സ്ഥാപനത്തിലെ ജീവനക്കാർ വിവരം അറിഞ്ഞത് പുലർച്ചെ അഞ്ചര മണിയോടെ മാത്രം. രക്ഷപ്പെട്ടവരിൽ ഒരാളുടെ ബന്ധുവീട്ടിൽ നിന്നാണ് ഒമ്പത് പേരെയും കണ്ടെത്തിയത്. വീട്ടുകാരെ കാണാൻ ഷെൽട്ടർ ഹോം ജീവനക്കാർ അനുവദിക്കുന്നില്ലെന്നും കക്കൂസ് കഴുകിക്കുന്നതടക്കമുളള ജോലികൾ നിർബന്ധിച്ച് ചെയ്യിച്ചതോടെ മനം മടുത്ത് സ്ഥലം വിടുകയായിരുന്നെന്നുമാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്.