ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ അനുമതി തേടി തമിഴ്നാട്. 15 മരങ്ങള്‍ മുറിക്കാനാണ് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അനുമതി തേടിയത്. അണക്കെട്ട് ബലപ്പെടുത്തുന്നതിനായി മരങ്ങള്‍ മുറിക്കണമെന്ന് തമിഴ്നാട് വ്യക്തമാക്കി. ബേബി ഡാം ബലപ്പെടുത്താന്‍ മരങ്ങള്‍ മുറിക്കണമെന്നും തമിഴ്നാട് സുപ്രീംകോടതിയെ അറിയിച്ചു.
അണക്കെട്ട് ബലപ്പെടുത്തല്‍ പൂര്‍ത്തിയാക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്നും തമിഴ്നാട് ആവശ്യമുന്നയിച്ചിട്ടുണ്ട്. നേരത്തെ മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ കേരളം തമിഴ്നാടിന് അനുമതി നല്‍കിയിരുന്നു. മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രസ്താവനയും ഇറക്കിയിരുന്നു.
എന്നാല്‍ സംഭവം വിവാദമായതോടെ, മരംമുറി ഉത്തരവ് കേരള സര്‍ക്കാര്‍ റദ്ദാക്കി. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബേബി ഡാം ശക്തിപ്പെടുത്താനുള്ള നടപടികളുമായി തമിഴ്നാട് മുന്നോട്ടുപോകുന്നത്. ഇതുവഴി സുരക്ഷ കണക്കിലെടുത്ത് പുതിയ ഡാമെന്ന കേരളത്തിന്റെ ആവശ്യത്തെ പ്രതിരോധിക്കാനാകുമെന്നും തമിഴ്നാട് കണക്കുകൂട്ടുന്നു.
അടിത്തറപോലും കെട്ടാത്ത വെറും മൂന്നടി മാത്രം കോണ്‍ക്രീറ്റ് ചെയ്ത് കെട്ടിപ്പൊക്കിയ 240 അടി നീളവും 53 അടി ഉയരവും എട്ടടി വീതിയുമുള്ള ഡാമാണ് ബേബിഡാം. 118 അടിയില്‍ നിന്ന് ജലനിരപ്പുയര്‍ത്താന്‍ ഷട്ടര്‍ നിര്‍മ്മിക്കാനിറങ്ങിയ തമിഴ്‌നാട് ആ പദ്ധതി ഒഴിവാക്കി ഇതിനായി മണ്ണ് നീക്കിയ സ്ഥലത്ത് ഡാം നിര്‍മിക്കുകയായിരുന്നു. ബേബി ഡാമിനൊപ്പം എര്‍ത്ത് ഡാം കൂടി ശക്തിപ്പെടുത്തുകയാണെങ്കില്‍ മറ്റ് അറ്റകുറ്റപ്പണികളില്ലാതെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി ഉയര്‍ത്താന്‍ സുപ്രീംകോടതി മുമ്പാകെ ആവശ്യപ്പെടാനാകുമെന്നാണ് തമിഴ്‌നാടിന്റെ വിലയിരുത്തല്‍.