ദോഹ: ലോകകപ്പ് ഫുട്ബോളിൻറെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിറ്റ മൂന്നു പേര് ദോഹയിൽ പിടിയിൽ. വിവിധ രാജ്യക്കാരാണ് അറസ്റ്റിലായവര്‍. ഇവരില്‍ നിന്ന് നിരവധി ടിക്കറ്റുകളും ലാപ്ടോപുകളും സ്മാര്‍ട്ട് ഫോണുകളും പിടിച്ചെടുത്തു. ലോകകപ്പ് ഫുട്ബോൾ മൽസരത്തിൻറെ ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കരിഞ്ചന്തയിൽ ടിക്കറ്റ് വിൽക്കുമ്പോൾ പിടിക്കപ്പെട്ടാൽ രണ്ടരലക്ഷം റിയാൽ പിഴ ഈടാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി. ഫിഫയുടെയും ഖത്തറിന്റെയും അംഗീകാരമുള്ള നിര്‍ദ്ദിഷ്ട ഔട്ട് ലറ്റുകള്‍ വഴി മാത്രമാണ് ലോകകപ്പ് ടിക്കറ്റുകളുടെ പുനര്‍വില്‍പ്പന അനുവദിച്ചിട്ടുള്ളത്. 2021-ലെ പത്താം നമ്പര്‍ നിയമത്തിലെ 19-ാം വകുപ്പിലെ വ്യവസ്ഥകളുടെ ലംഘനമാണിത്.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഖത്തറില്‍ 144 വ്യാജ ഫിഫ ലോകകപ്പ് ട്രോഫികള്‍ പിടിച്ചെടുത്തിരുന്നു. രാജ്യത്തെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറക്ടറേറ്റിന് കീഴിലുള്ള ഇക്കണോമിക് ആന്റ് സൈബര്‍ ക്രൈംസ് കോംബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റും ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനുള്ള കമ്മിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
ലോകകപ്പ് ട്രോഫിയുടെ വ്യാജ പതിപ്പുകള്‍ വില്‍ക്കുന്ന ഒരു വെബ്സൈറ്റിനെക്കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. 144 വ്യാജ ട്രോഫികള്‍ പിടിച്ചെടുത്തു. നിയമംഘകര്‍ക്കെതിരെ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ നടത്തിപ്പിനായി രൂപംകൊടുത്ത നിയമങ്ങളുടെ ലംഘനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലോകകപ്പ് സംഘാടനത്തിനുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ലെഗസി ആന്റ് ഡെലിവറിയും ഖത്തര്‍ ആഭ്യന്തര മന്ത്രാലയവും ഫിഫയുടെ സഹകരണത്തോടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് പൊതുജനങ്ങളോടും അധികൃതര്‍ ആവശ്യപ്പെട്ടു.