ഭോപാല്‍: മധ്യപ്രദേശിലെ ജബല്‍പുരില്‍ കാമുകിയുടെ കഴുത്തറുത്ത് അന്ത്യനിമിഷങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. അഭിജിത്ത് പാട്ടിദാര്‍ എന്ന യുവാവാണ് കാമുകിയും ബിസിനസ് പങ്കാളിയുമായ ശില്‍പ ജരിയ (22)യെ അതിക്രൂരമായി കൊലപ്പെടുത്തിയത്. നവംബര്‍ എട്ടിന് ജബല്‍പുരിലെ റിസോര്‍ട്ടിലാണ് കൊലപാതകം നടന്നത്. ‘ആരെയും ഇനി ചതിക്കരുത്’ എന്ന ശീര്‍ഷകത്തില്‍ ശില്‍പയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ അഭിജിത്ത് കൊലപാതക ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്. ശില്‍പ ജരിയയുടെ കഴുത്തറുത്തതിനു ശേഷമുള്ള വിഡിയോയാണ് പ്രചരിപ്പിച്ചത്.
യുവതി ഞെരുങ്ങുന്നതും അവസാന ശ്വാസം എടുക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. കൊലപാതകത്തിനു പിന്നാലെ റിസോര്‍ട്ടില്‍ നിന്ന് കടന്നുകളഞ്ഞ പ്രതിയെ സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പോലീസ് പിടികൂടിയത്. സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയില്‍ തന്റെ മറ്റൊരു ബിസിനസ് പങ്കാളിയുമായും ശില്‍പയ്ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നതായും അയാളുടെ ആവശ്യപ്രകാരമാണ് ശില്‍പയെ കൊലപ്പെടുത്തിയതെന്നും അഭിജിത്ത് അവകാശവാദം ഉന്നയിച്ചു.
രാഖി മിശ്ര എന്ന പേരാണ് ശില്‍പയുടെതായി റിസോര്‍ട്ടിലെ റജിസ്റ്ററില്‍ രേഖപ്പെടുത്തിയിരുന്നത്. ശില്‍പയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജബല്‍പുരിലെ റിസോര്‍ട്ടില്‍ മുറിയെടുത്തിരുന്നതെന്നു പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സാമ്പത്തിക ഇടപാടുകളും കൊലപാതകത്തിന് കാരണമായിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റിസോര്‍ട്ട് ജീവനക്കാരെത്തി മുറി തുറന്ന് നോക്കിയപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു.