LocalNEWS

പാമ്പുകടിയേറ്റ യുവാവ് അഭയം തേടിയത് പോലീസ് സ്‌റ്റേഷനില്‍; വിഷ ബാധ ബൈക്ക് യാത്രയ്ക്കിടെ

തൊടുപുഴ: ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പാമ്പു കടിയേറ്റ യുവാവ് സഹായം തേടിയെത്തിയത് പോലീസ് സ്റ്റേഷനില്‍. ശനിയാഴ്ച രാത്രി 12 നു കരിങ്കുന്നം സ്റ്റേഷനിലാണ് സംഭവമുണ്ടായത്. കരിമണ്ണൂര്‍ കോട്ടക്കവല കോട്ടയില്‍ ജിത്തു തങ്കച്ചന്‍ (18) പാമ്പു കടിയേറ്റതിനു പിന്നാലെ സഹായം അഭ്യര്‍ത്ഥിച്ച് പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയത്.

”പാമ്പ് കടിച്ചു സാറേ, രക്ഷിക്കണം…” എന്നു പറഞ്ഞെച്ചിയ യുവാവിനെ കണ്ട് പോലീസുകാര്‍ ആദ്യമൊന്ന് അമ്പരന്നു. എന്നാല്‍, ഒട്ടും വൈകാതെ യുവാവിന് പ്രഥമശുശ്രൂഷ നല്‍കിയശേഷം പോലീസ് ജീപ്പില്‍ യുവാവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Signature-ad

കരിമണ്ണൂരില്‍ നിന്ന് പാറക്കടവിലെ വീട്ടിലേക്കു വരുന്ന വഴിയില്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ കയറിക്കൂടിയ പാമ്പാണു ജിത്തുവിന്റെ കയ്യില്‍ കടിച്ചത്. വഴിയിലും മറ്റും സഹായത്തിനായി ആരെയും കാണാതിരുന്നതിനാലാണു പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞതെന്നു യുവാവ് പറഞ്ഞു. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ജ്യോതിഷ്, അക്ബര്‍, സിപിഒ ഉമേഷ് എന്നിവര്‍ ചേര്‍ന്ന് യുവാവിന് പ്രഥമശുശ്രൂഷ നല്‍കിയത്. പട്രോളിങ് നടത്തുകയായിരുന്ന എഎസ്‌ഐ ഷാജു, സീനിയര്‍ സിപിഒ മധു എന്നിവരെ വിവരം അറിയിച്ചതോടെ ഉടന്‍ ജീപ്പുമായെത്തി ജിത്തുവിനെ ആശുപത്രിയിലാക്കി.

ആശുപത്രിയിലെത്തിക്കുമ്പോള്‍ യുവാവ് അവശനിലയിലായിരുന്നു. ബന്ധുക്കളെ വിളിച്ചുവരുത്തിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന യുവാവിനെ ഞായറാഴ്ച വൈകിട്ട് മുറിയിലേക്കു മാറ്റി. ഇന്നലെ ആശുപത്രി വിട്ടു.

 

Back to top button
error: