KeralaNEWS

കിളികൊല്ലൂര്‍ പോലീസ് മര്‍ദനം: സഹോദരങ്ങള്‍ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കാനാകില്ലെന്ന് കോടതി

കൊച്ചി: കിളികൊല്ലൂരില്‍ സഹോദരങ്ങളെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ നിലവിലുള്ള ഘട്ടത്തില്‍ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം പൂര്‍ത്തിയായതിനു ശേഷമേ എഫ്.ഐ.ആര്‍ റദ്ദാക്കുന്നത് പരിഗണിക്കാനാവൂ എന്നു വ്യക്തമാക്കിയ കോടതി ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് നല്‍കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. സഹോദരങ്ങള്‍ക്ക് പോലീസ് സംരക്ഷണം വേണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. മൂന്നാഴ്ച്ചയ്ക്കു ശേഷം കേസ് പരിഗണിക്കുന്നതിനു മാറ്റിവച്ചു. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കിളികൊല്ലൂര്‍ പോലീസ് കൊലപാതക ശ്രമം ഉള്‍പ്പടെ ചുമത്തി റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നായിരുന്നു സൈനികന്‍ വിഷ്ണുവും സഹോദരനും കോടതിയില്‍ ആവശ്യപ്പെട്ടത്. മര്‍ദിച്ച പോലീസുകാര്‍ക്കെതിരായ അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എ.എസ്.ഐ കസ്റ്റഡിയില്‍വച്ചു പീഡിപ്പിച്ചതിന്റെ നിയമവിരുദ്ധത മറികടക്കാനായാണ് പോലീസ് കെട്ടിച്ചമച്ച കേസെടുത്തത്. തന്റെയും സഹോദരന്റെയും ഭാവി തകര്‍ക്കുക എന്ന ലക്ഷ്യവും കേസിനു പിന്നിലുണ്ടെന്നും ഹര്‍ജിയില്‍ വിഷ്ണു ആരോപിച്ചു.

Signature-ad

സൈനികനെയും സഹോദരനെയും പോലീസ് മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. സൈനികനും സഹോദരനുമെതിരെ തെറ്റായ ആരോപണങ്ങളുടെ പേരിലാണ് കേസെടുത്തതെന്നും പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ച സംഭവിച്ചതായും കണ്ടെത്തിയിരുന്നു. സംഭവത്തില്‍ ഒമ്പതു പോലീസുകാര്‍ക്കെതിരെ പരാതി ഉണ്ടായിരുന്നെങ്കിലും നാലു പേര്‍ക്കെതിരേ മാത്രമാണ് നടപടി സ്വീകരിച്ചത്.

 

 

Back to top button
error: