ബദിയഡുക്കയിലെ ദന്ത ഡോക്ടര്‍ കൃഷ്ണമൂര്‍ത്തിയുടെ മരണത്തെക്കുറിച്ചും കാരണമായ സംഭവങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് മകള്‍ ഡോ. വര്‍ഷ കര്‍ണാടക ആഭ്യന്തര മന്ത്രി അരജ ജ്ഞാനേന്ദ്രയെ കണ്ടു.
ശനിയാഴ്ച രാവിലെ മംഗ്ളുറു ഗസ്റ്റ് ഹൗസില്‍ വെച്ചാണ് വര്‍ഷ, എംഎല്‍എമാരായ ഭരത് ഷെട്ടിയുടേയും വേദവ്യാസ് കാമത്തിന്റേയും സാന്നിദ്ധ്യത്തില്‍ ആഭ്യന്തര മന്ത്രിയെ കണ്ടത്. ഉഡുപി കുന്ദാപുരത്തിനടുത്താണ് ഡോക്ടറുടെ മൃതദേഹം ഛിന്നഭിന്നമായ നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അപായപ്പെടുത്തിയതാണോ എന്ന് സംശയിക്കുന്നതായും ഡോ. വര്‍ഷ മന്ത്രിക്ക് നല്കിയ പരാതിയല്‍ പറയുന്നു.
കര്‍ണാടകയിലാണ് സംഭവം നടന്നത് എന്നതിനാല്‍ കര്‍ണാടക പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. മാന്‍ മിസിങ്ങിനും ഡോക്ടറെ ഭീഷണിപ്പെടുത്തിയതിനും ബദിയഡുക്ക പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ മരണത്തിലെ ദുരൂഹതയെ സംബന്ധിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് മരണം നടന്ന സ്ഥലത്തെ കര്‍ണാടക പൊലീസാണെന്ന് വര്‍ഷ മന്ത്രിയോട് പറഞ്ഞു. മന്ത്രി അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കാമെന്ന് ഉറപ്പുനല്‍കി. പരാതിയില്‍ നടപടി സ്വീകരിക്കുമെന്നും സ്ഥലത്തെ എസ്പിക്ക് പരാതി കൈമാറുമെന്നും മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഇതിനിടെ ദന്തഡോക്ടര്‍ എസ്. കൃഷ്ണമൂര്‍ത്തി(52) ദുരൂഹമായി മരിച്ച കേസിലെ പ്രതികളായ മുസ്ലിംലീഗ് പ്രാദേശികനേതാക്കളായ അഞ്ചുപേരെ കോടതി റിമാണ്ട് ചെയ്തു.
അഷ്റഫ്, മുഹമ്മദ് ശിഹാബുദ്ദീന്, ഉമറുല്‍ ഫാറൂഖ്, മുഹമ്മദ് ഹനീഫ എന്ന അന്‍വര്‍, അലി എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസട്രേറ്റ് കോടതി റിമാണ്ട് ചെയ്തത്. പ്രതികളെ ഇന്നലെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഇവരില്‍ മുഹമ്മദ് ഹനീഫ എന്ന അന്‍വര്‍ മുസ്ലിംലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയും അലി മുസ്ലിംലീഗ് കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറിയുമാണ്.
ബദിയടുക്കയിലെ ക്ലിനിക്കില്‍ ദന്തചികിത്സക്കെത്തിയ 32കാരിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടര്‍ന്ന് കൃഷ്ണമൂര്‍ത്തിയെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. ഭീഷണിയെ തുടര്‍ന്ന് കാണാതായ കൃഷ്ണമൂര്‍ത്തിയുടെ മൃതദേഹം കുന്താപുരത്ത് റെയില്‍പാളത്തില്‍ കണ്ടെത്തുകയായിരുന്നു.