BusinessTRENDING

എൽഐസിയുടെ ലാഭം കുതിച്ചുയർന്നു; മൂന്ന് മാസത്തെ ലാഭം മാത്രം പതിനയ്യായിരം കോടി കവിഞ്ഞു!

ദില്ലി: കേന്ദ്ര പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ ലാഭം കുതിച്ചുയർന്നു. പ്രീമിയം വരുമാനം 27 ശതമാനം ഉയർന്നു. അക്കൗണ്ടിങ് നയത്തിൽ വരുത്തിയ കാര്യമായ മാറ്റത്തെ തുടർന്ന് നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവും വൻ കുതിപ്പുണ്ടാക്കി. ഇതോടെ രണ്ടാം പാദവാർഷികം അവസാനിച്ചപ്പോൾ 15952 കോടി രൂപയാണ് എൽഐസിയുടെ ലാഭം.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 1434 കോടി രൂപയായിരുന്നു എൽ ഐ സിയുടെ ലാഭം. നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭമാണ് വരുമാനത്തിന്റെ 40 ശതമാനവും. ഇത് 6798.61 കോടി രൂപയാണ്. എന്നാൽ ഇത് മുൻവർഷത്തേക്കാൾ കുറവാണ്. കഴിഞ്ഞ വർഷം 6961.14 കോടി രൂപയായിരുന്നു നിക്ഷേപങ്ങളിൽ നിന്നുള്ള എൽ ഐ സിയുടെ വരുമാനം. മെയ് മാസത്തിൽ ഓഹരി വിപണിയിലേക്ക് ആദ്യ ചുവടുവെച്ച എൽ ഐ സി ആദ്യ പാദ ഫലം പുറത്തുവന്ന ജൂൺ മാസത്തിൽ 682.9 കോടി രൂപയാണ് ലാഭം നേടിയിരുന്നത്. 20530 കോടി ഐ പി ഒയ്ക്ക് ശേഷമായിരുന്നു ഇത്.

ഇക്കുറി രാജ്യത്തെ ഇൻഷുറൻസ് ഭീമനായ എൽ ഐ സിക്ക് വരുമാനം വർധിക്കുന്നതിൽ ഏജന്റുമാരുടെ കമ്മീഷൻ കുറഞ്ഞത് പ്രധാന കാരണങ്ങളിലൊന്നാണ്. ജീവനക്കാർക്കായുള്ള ചെലവിലുണ്ടായ കുറവും എൽ ഐ സിക്ക് വരുമാനം വർധിക്കുന്നതിൽ വളരെയേറെ പങ്ക് വഹിച്ചിട്ടുണ്ട്. മുൻപത്തെ 10896 കോടി രൂപയിൽ നിന്ന് ഏജൻസി കമ്മീഷൻ 5844 കോടി രൂപയായി കുറഞ്ഞു. എംപ്ലോയീ കോസ്റ്റ് 24157.5 കോടി രൂപയായിരുന്നത് 16474.76 കോടി രൂപയായും കുറഞ്ഞു. എന്നാൽ ഇത് ഇങ്ങനെ കുറയാനുണ്ടായ കാരണങ്ങൾ എൽ ഐ സി വ്യക്തമാക്കിയിട്ടില്ല.

Back to top button
error: