കൊല്ലം കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദ്ദിച്ച സംഭവത്തിൽ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ അന്വേഷണത്തിൽ പൂർണ്ണ വിശ്വാസമില്ലെന്ന് പരാതിക്കാർ. അടുപ്പക്കാരെ ഉപയോഗിച്ച് ഭീഷണിയും അനുരഞ്ജന ശ്രമവും നടക്കുന്നതായും മർദ്ദനമേറ്റ വിഘ്നേഷ് പറഞ്ഞു.
സൈനികനായ വിഷ്ണുവിനും സഹോദരൻ വിഘ്നേഷിനും എതിരെ പൊലീസ് ചുമത്തിയ എഫ്.ഐ.ആർ റദ്ദാക്കുക എന്നതാണ് ഹൈക്കോടതിയിൽ ഉയർത്തിയ പ്രധാന ആവശ്യം. നിലവിൽ നടക്കുന്ന അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പൂർത്തിയാക്കണമെന്നും സഹോദരങ്ങൾ ആവശ്യപ്പെടുന്നു. ഇവരുടെ പരാതി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സ് ലീഗൽ അഡ്വൈസറായ അഡ്വക്കേറ്റ് അനിൽ പ്രസാദിന്റെ നേതൃത്വത്തിലുള്ള ടീമാണ് സഹോദരങ്ങൾക്കായി ഹൈക്കോടതിയിൽ ഹാജരാകുന്നത്.
നിലവിൽ നടക്കുന്ന അന്വേഷണത്തിൽ പൂർണ്ണ വിശ്വാസമില്ലെന്ന് സഹോദരങ്ങൾ ആവർത്തിച്ചു. അടുപ്പക്കാരെ ഉപയോഗിച്ച് കേസിൽ നിന്ന് പിന്മാറാനുള്ള ഭീഷണി ഉണ്ടായെന്നും ഇവർ ആരോപിച്ചു. സി.ഐയെ രക്ഷിക്കാനും ചിലർ തങ്ങളുടെ സമീപിച്ചെന്ന് പരാതിക്കാർ പറയുന്നു.
പൊലീസ് സ്റ്റേഷനിൽ വച്ച് അതിക്രൂരമായി മർദ്ദിക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിൽ അടക്കുകയും ചെയ്ത സഹോദരങ്ങൾ ഇപ്പോഴും ചികിത്സ തുടരുകയാണ്.