Breaking NewsNEWS

ഹിമാചലില്‍ വോട്ടെടുപ്പ് മന്ദഗതിയില്‍; പ്രതീക്ഷ കൈവിടാതെ ബി.ജെ.പിയും കോണ്‍ഗ്രസും

ഷിംല: ഹിമാചല്‍ പ്രദേശിലെ 68 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ എട്ടിനാണ് ഫലപ്രഖ്യാപനം. രാവിലെ 11 വരെ 17.98 ശതമാനം പോളിങ് രേഖപ്പെടുത്തി. വോട്ടെടുപ്പിനായി 7,884 പോളിങ് സ്റ്റേഷനുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സജ്ജീകരിച്ചിട്ടുണ്ട്. ആകെ 55.74 ലക്ഷം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.

തുടര്‍ഭരണം പ്രതീക്ഷിക്കുന്ന ബി.ജെ.പിയും ഭരണവിരുദ്ധ വികാരം അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന തെരഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിക്കാനുള്ള ശ്രമത്തിലാണ് ആം ആദ്മി പാര്‍ട്ടി. വിമതശല്യം ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരു പോലെ തലവേദനയാണ്. 68 അംഗ നിയമസഭയില്‍, നിലവില്‍ ബി.ജെ.പിക്ക് 45 സീറ്റുണ്ട്, കോണ്‍ഗ്രസിന് 22 സീറ്റും സി.പി.എമ്മിന് ഒരു സീറ്റുമാണുള്ളത്.

പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുമെന്ന കോണ്‍ഗ്രസ് വാഗ്ദാനം, സ്ത്രീകള്‍ക്കായി വന്‍ സൗജന്യങ്ങള്‍ പ്രഖ്യാപിച്ച ബിജെപിയുടെ പ്രകടന പത്രിക, അഗ്‌നിപഥ്, വിലക്കയറ്റം, തൊഴിലില്ലായ്മ, ആപ്പിള്‍ കര്‍ഷകരുടെ പ്രതിസന്ധി തുടങ്ങിയവയാണ് ഹിമാചല്‍ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്‍.

ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുടെ സംസ്ഥാനമായ ഹിമാചലില്‍, ഭരണത്തുടര്‍ച്ച നേടി ചരിത്രം തിരുത്തി കുറിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിയായിരുന്നു ബി.ജെ.പിയുടെ പ്രചാരണം. പക്ഷേ, പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളും വിമതശല്യവും ശക്തമാണ്.

വീരഭദ്ര സിങ്ങിന്റെ മരണത്തെത്തുടര്‍ന്ന് നേതൃപരമായ പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസ്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രചാരണം നയിച്ചത്. ഭരണവിരുദ്ധവികാരവും ഉപതിരഞ്ഞെടുപ്പുകളിലെ വിജയവും കോണ്‍ഗ്രസിന് കരുത്താണ്. വിമതശല്യവും നേതാക്കള്‍ക്കിടയിലെ കിടമത്സരവും കോണ്‍ഗ്രസിലും ശക്തമാണ്.

 

Back to top button
error: