ഇന്ത്യയിൽ ഏറ്റവുമധികം ശാഖകൾ ഉള്ള സംസ്ഥാനം ഏതാണ് ?ഉത്തർപ്രദേശ് എന്നോ ഗുജറാത്ത് എന്നോ മഹാരാഷ്ട്ര എന്നോ ആണ് ഉത്തരമായി മനസിൽ വരുന്നതെങ്കിൽ തെറ്റി .അത് കേരളമാണ് .എന്നാൽ കേരളത്തിൽ എന്താണ് ബിജെപിയും ആർഎസ്എസും പച്ചപിടിക്കാത്തത് .അതിന്റെ കാരണങ്ങൾ ഒന്ന് പരിശോധിച്ച് നോക്കാം .
രാജ്യത്താകെ 50000 ശാഖകൾ ഉണ്ടെന്നാണ് കണക്ക് .അതിൽ 4500 എണ്ണവും കേരളത്തിൽ ആണ് ഉള്ളത് .ഏതാണ്ട് രണ്ടു ലക്ഷത്തോളം സജീവ പ്രവർത്തകർ കേരളത്തിൽ ഉണ്ടെന്നും ഏകദേശ കണക്ക് ഉണ്ട് .
ആർഎസ്എസിന് നൂറു വയസ് ആകാൻ ഇനി അഞ്ച് വര്ഷം കൂടി മതി .ഈ ഘട്ടത്തിൽ ഇന്ത്യയിലാകെ നോക്കിയാൽ അവരുടെ 95 വർഷത്തെ പ്രവർത്തനത്തിൽ മികച്ച ഫലമുണ്ടായി എന്ന് കാണാം .രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും സ്വയം സേവകർ ആയിരുന്നു .ഉത്തർപ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങൾ ഭരിക്കുന്നത് ആർഎസ്എസ് പ്രതിനിധികൾ ആണ് .
കേരളം സിപിഐഎമ്മിന്റെ ഏക തുരുത്ത് എന്ന് ബിജെപി നേതാക്കൾ കളിയാക്കാറുണ്ട് .എന്നാൽ ആ തുരുത്ത് ഒന്ന് പിടിച്ചെടുക്കാൻ സമുദ്രം പോലും കൈവശമുള്ള ബിജെപിയ്‌ക്കോ ആർഎസ്എസിനോ ആകുന്നില്ല.ഇന്നിപ്പോൾ ബിജെപിയുടെ അഭിമാന പ്രശ്നം ആണ് കേരളം പിടിക്കുക എന്നത് .എന്നാൽ അത് അടുത്തൊന്നും സാധ്യമാകുമെന്ന് സാക്ഷാൽ അമിത് ഷാ പോലും പറയില്ല .
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപിയ്ക്ക് കേരളത്തിൽ ആദ്യമായി ഒരു എംഎൽഎ ഉണ്ടായത് .എന്നാൽ ആ വിജയം പോലും ബിജെപിയുടെയോ ആർഎസ്എസിന്റെയോ ക്രെഡിറ്റിൽ അല്ല .തോറ്റ് തോറ്റ് താൻ ജയിച്ചു എന്ന് പറഞ്ഞ ഒ രാജഗോപാലിന്റെ ക്രെഡിറ്റിൽ ആണ് .അത് സംഘടനയുടെ വിജയമല്ല വ്യക്തിയുടെ വിജയമായാണ് വ്യാഖ്യാനിക്കപ്പെട്ടത് .
കേന്ദ്രത്തിൽ ശക്തരിൽ ശക്തനാണ് ഇന്ന് നരേന്ദ്ര മോഡി .മോഡിയുടെ തുടര്ഭരണം വന്നതിനു ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ആണ് കേരളത്തിൽ വരുന്നത് .എന്നാൽ ജീവിതത്തിൽ ഒമ്പത് പതിറ്റാണ്ട് പിന്നിട്ട ഒ രാജഗോപാലിനല്ലാതെ മറ്റാർക്കെങ്കിലും വിജയക്കൊടി നാട്ടാൻ ആവുമെന്ന് ഈ ഘട്ടത്തിൽ ബിജെപിക്കാർ പോലും കരുതുന്നില്ല .
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ആയിരുന്നു ബിജെപിയുടെ ഏറ്റവും നല്ല അവസരം .ശബരിമലയിൽ സുവർണാവസരം പി എസ് ശ്രീധരൻ പിള്ള കണ്ട കാലം .തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെയും ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രന്റെയും പത്തനംതിട്ടയിൽ കെ സുരേന്ദ്രന്റെയും തൃശ്ശൂരിൽ സുരേഷ് ഗോപിയെയുംബിജെപി മത്സരിയ്ക്കാൻ ഇറക്കിയത് ജയിക്കാൻ തന്നെയായിരുന്നു .
മത്സരയോട്ടത്തിൽ സുരേഷ് ഗോപി വിജയത്തിന്റെ മിന്നലാട്ടങ്ങൾ പ്രകടിപ്പിച്ചിരുന്നു എന്നത് വസ്തുതയാണ് .ത്രിശൂരിനെ ഞാനിങ്ങേടുക്കുവാ എന്ന് സുരേഷ് ഗോപി പറഞ്ഞത് ഈ ആത്മവിശ്വാസത്തിൽ ആണ് .എന്നാൽ പന്തയത്തിൽ മൂന്നാം സ്ഥാനത്ത് എത്താൻ മാത്രമേ സുരേഷ് ഗോപിയ്ക്ക് കഴിഞ്ഞുള്ളു .
2014 ഉം 16 ഉം കടന്ന് 19 ൽ എത്തുമ്പോൾ 15 .5 % വോട്ടാണ് ബിജെപിയുടെ സമ്പാദ്യം .മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഏതാണ്ട് പകുതി ജനസംഖ്യ വരുന്നത് കൊണ്ടാണ് കേരളം ബിജെപിയ്ക്ക് ബാലികേറാമലയായത് എന്ന വ്യാഖ്യാനമാണ് ഏറെ പറഞ്ഞു കേട്ടിട്ടുള്ളത് .മാത്രമല്ല ഹിന്ദു മതത്തിൽ പെട്ടവരും ബിജെപി തങ്ങളുടെ ഒരു തെരഞ്ഞെടുപ്പ് ആയി കരുതുന്നില്ല .രണ്ടു മുന്നണിയിൽ ആയി വിഭജിച്ചിരിക്കുകയാണ് ഭൂരിപക്ഷം പേരും .ശബരിമല വിവാദത്തിനു പോലും അതിനു മാറ്റമുണ്ടാക്കാൻ സാധിച്ചിട്ടില്ല .
കേരളത്തിലെ സമുദായ സംഘടനകൾ വഴി ഹിന്ദുക്കളിലേയ്ക്ക് നുഴഞ്ഞു കയറാൻ ശ്രമിച്ചിട്ടും ബിജെപിയ്ക്ക് കഴിഞ്ഞില്ല എന്നതിന് കൃത്യമായ കാരണമുണ്ട് .ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും പോലുള്ള നവോഥാന നായകർ ഉഴുതു മറിച്ചിട്ട മണ്ണിൽ ബിജെപിയുടെ വിത്തുകൾ കിളിർക്കുന്നില്ല എന്നതാണ് യാഥാർഥ്യം .
ബിജെപിയുടെ വളർച്ച ഇനിയെങ്ങോട്ട് എന്നതാണ് ഉയരുന്ന ഒരു ചോദ്യം .അൽഫോൻസ് കണ്ണന്താനം വഴി ക്രിസ്ത്യാനികളിലേയ്ക്കും അബ്ദുള്ളക്കുട്ടി വഴി മുസ്ലീങ്ങളിലേയ്ക്കും കടന്നു കയറാനുള്ള മോഹം ബിജെപിയ്ക്ക് നടക്കാൻ ഇടയില്ല .
നടക്കുന്നെങ്കിൽ ബിജെപിയ്ക്ക് 2019 ൽ നടക്കണമായിരുന്നു .മോഡി രാഷ്ട്ര പുരുഷനായി ഉയർന്നുവന്ന സമയം .ശബരിമല പോലെ സുവർണാവസരം ഉണ്ടായിരുന്ന സമയം.സുരേഷ് ഗോപിയെ പോലെ സ്ഥാനാര്ഥിയുണ്ടായ സമയം .എന്നാൽ വിജയം മാത്രം ബിജെപിയെ വരിച്ചില്ല .
മുന്നിൽ നിന്ന് നയിക്കാൻ നേതാവുണ്ടായില്ല എന്നത് തന്നെയാണ് ബിജെപിയുടെ കുറവ് .ബിജെപിയുടെ പരമാവധി നേതാവ് ഒ രാജഗോപാൽ ആണ് .ഒരു ഏകെജിയോ കേളപ്പനോ ഇ എം എസോ നായനാരോ കരുണാകരനോ വിഎസ് അച്യുതാനന്ദനോ ബിജെപിയ്ക്ക് ഉണ്ടായില്ല .ജനനേതാവ് ജനുസിലേയ്ക്ക് ഉയരുന്ന ഒരു നേതാവിനെയും സംസ്ഥാന ബിജെപിയിൽ ഇതുവരെ കണ്ടിട്ടില്ല .
ഇനി സഖ്യമുണ്ടാക്കിയാലോ പരമാവധി പി സി തോമസ് അല്ലെങ്കിൽ തുഷാർ വെള്ളാപ്പള്ളി അതുമല്ലെങ്കിൽ പി സി ജോർജ് .സഖ്യകക്ഷികളായ ഇവരെ തന്നെ കൂടെ നിർത്താൻ ഭാവനാശൂന്യരായ ബിജെപി സംസ്ഥാന നേതാക്കൾക്ക് ആകുന്നുമില്ല .
വിഭാഗീയത ഇന്നുള്ള കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടി ബിജെപി മാത്രമാണെന്ന കാര്യം എത്രയാളുകൾ ശ്രദ്ധിച്ചിട്ടുണ്ട് .ശോഭ സുരേന്ദ്രനും പിഎം വേലായുധനും ഒക്കെ ഉദാഹരണങ്ങൾ .ഒരു കോളേജ് യൂണിയൻ പ്രസിഡന്റിന്റെ നിലവാരം പോലും കെ സുരേന്ദ്രനില്ല .വിഭാഗീയ വിഷയങ്ങളെ നേരിടാൻ ഉള്ള ഭാവനയും സുരേന്ദ്രൻ പ്രകടിപ്പിച്ച് കണ്ടില്ല .
ന്യൂനപക്ഷ വോട്ടുകൾ നിര്ണ്ണായകമായ പശ്ചിമ ബംഗാളിൽ രണ്ടാം ശക്തിയാകാൻ ബിജെപിയ്ക്ക് കഴിഞ്ഞു .എന്നാൽ കേരളം ഇപ്പോഴും മരീചികയാണ് .രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ ഉണ്ടായ കോൺഗ്രസ് അനുകൂല തരംഗം സാക്ഷാൽ മോഡി തന്നെ മത്സരിച്ചാലും കേരളത്തിൽ ഉണ്ടാകണമെന്ന് നിർബന്ധമില്ല .
ബംഗാളിൽ തൃണമൂൽ വിരുദ്ധ സിപിഐഎം വോട്ടുകൊണ്ടാണ് ബിജെപി പാർട്ടി കെട്ടിപ്പടുത്തത് .എന്നാൽ കേരളത്തിൽ അതിനാവുമെന്ന ഒരു സൂചന പോലും നല്കാൻ ബിജെപിയ്ക്ക് ആകുന്നില്ല .1925 ൽ രൂപം കൊണ്ട ആർഎസ്എസ് നൂറാം ജന്മദിനം ആഘോഷിക്കുന്ന 2025 ലും കേരളത്തിൽ ബിജെപിയ്ക്ക് കാര്യമായ വ്യത്യാസം ഉണ്ടാകുമെന്നു ഈ നിലയിൽ വിചാരിക്കുക വയ്യ .ബിജെപിയെ താരതമ്യം ചെയ്യാൻ പറ്റുന്ന ഒന്ന് പടവലങ്ങ ആണ് .