NEWS

മുഖ്യമന്ത്രി നടപ്പാക്കുന്നത്‌ ഭരണകൂട ഭീകരത: മുല്ലപ്പള്ളി

തിരഭിപ്രായങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരതയാണ്‌ മുഖ്യമന്ത്രി സംസ്ഥാനത്ത്‌ നടപ്പാക്കുന്നതെന്നും അതിന്റെ ഭാഗമാണ്‌ ജനതാദള്‍(ജോണ്‍) സംസ്ഥാന പ്രസിഡന്റ്‌ ജോണ്‍ ജോണിനെതിരായ പോലീസ്‌ നടപടിയെന്നും കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. ക്ലിഫ്‌ഹൗസിന്‌ മുന്നില്‍ ജനതാദള്‍ സംഘടിപ്പിച്ച സമരം പ്രതീകാത്മകമായി ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുക ആയിരുന്നു മുല്ലപ്പള്ളി.

സംസ്ഥാനത്ത്‌ ജനാധിപത്യ രീതിയില്‍ പോലും പ്രതിഷേധിക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌. വാളയാറിലെ ബാലികമാരുടെ കുടുംബത്തിന്‌ നീതി ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിയുടെ വസതിയിലേക്ക്‌ പതിനേഴ്‌ ദിവസം മുന്‍പാണ്‌ ജനതാദള്‍(ജോണ്‍) വിഭാഗം പ്രതിഷേധ ജാഥ ആരംഭിച്ചത്‌.ജാഥാനായകനേയും പ്രവര്‍ത്തകരേയും ക്ലിഫ്‌ഹൗസിന്‌ പരിസരത്ത്‌ നിന്നും ഭ്രാന്തന്‍ നായ്‌ക്കളെ കൈകാര്യം ചെയ്യുന്നത്‌ പോലെയാണ്‌ പോലീസ്‌ നേരിട്ടത്‌.ജാഥയുടെ സമാപനവേദിയായ ദേവസ്വം ബോര്‍ഡ്‌ ജംഗ്‌ഷനിലെത്തുന്നതിനും സമാപന സമ്മേളനും നടക്കുന്നതിനും മുന്‍പ്‌ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച്‌ പോലീസ്‌ പിടിച്ചു കൊണ്ടുപോയത്‌ പരിഷ്‌കൃത സമൂഹത്തിന്‌ ചേര്‍ന്ന നടപടിയല്ല. ഫാസിസ്റ്റ്‌,സ്റ്റാലിനിസ്റ്റ്‌ നടപടിയാണിത്‌.ഫ്യൂഡല്‍ വ്യവസ്ഥയില്‍ മാത്രം കാണുന്ന നടപടികളാണ്‌ പോലീസ്‌ നടത്തിയത്‌.കാട്ടുനീതിയാണ്‌ മുഖ്യമന്ത്രി കേരളത്തില്‍ നടപ്പാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

വാളയാറിലെ ബാലികമാരുടെ കൊലയാളികളെ സംരക്ഷിച്ചവരാണ്‌ മുഖ്യമന്ത്രിയും സിപിഎമ്മും.ആ നിരാലംബ കുടുംബത്തെ സിപിഎം ഹൈജാക്ക്‌ ചെയ്യുകയും മുഖ്യമന്ത്രിയുടെ കാലുവരെ പിടിപ്പിക്കുകയും ചെയ്‌തു.ഇവര്‍ക്ക്‌ നീതി ഉറപ്പാക്കാമെന്ന്‌ പറഞ്ഞ്‌ വഞ്ചിച്ചു.ഒടുവില്‍ അവരെ ഉപേക്ഷിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരളത്തില്‍ സ്‌ത്രീ സുരക്ഷ പാടെ തകര്‍ന്നു.സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു. അതിലെല്ലാം പ്രതിസ്ഥാനത്ത്‌ സിപിഎമ്മുകാരാണ്‌.അവരെ സംരക്ഷിക്കുന്ന നിലപാടാണ്‌ മുഖ്യമന്ത്രിക്കും സിപിഎമ്മിനും ഉള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Back to top button
error: