ബെര്‍ലിന്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ജര്‍മനിയിലെ ബെര്‍ലിനിലുള്ള ചാരിറ്റി ആശുപത്രിയില്‍ നാളെ ലേസര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. തൊണ്ടയിലെ അസുഖത്തിനാണു ചികിത്സ. ശസ്ത്രക്രിയയ്ക്കുശേഷം എത്രയും വേഗം നാട്ടിലേക്കു മടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മകന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ആശുപത്രിക്കു മുന്നില്‍നിന്നുള്ള ചിത്രവും ചാണ്ടി ഉമ്മന്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചു.
ചികിത്സയ്ക്കായി രണ്ടുദിവസം മുന്‍പാണ് ഉമ്മന്‍ ചാണ്ടി ബെര്‍ലിനിലെത്തിയത്. മകള്‍ മറിയ, മകന് ചാണ്ടി ഉമ്മന്‍, ബെന്നി ബെഹനാന് എംപി, ജര്‍മന്‍ ഭാഷ അറിയാവുന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് ജിന്സണ് എന്നിവരാണ് അദ്ദേഹത്തോടൊപ്പമുള്ളത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ബെര്‍ലിന്‍ ചാരിറ്റി ആശുപത്രി. 312 വര്‍ഷത്തെ പാരമ്പര്യമുള്ള ആശുപത്രിയില്‍ 11 നൊബേല്‍ സമ്മാന ജേതാക്കള്‍ ഗവേഷകരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ 13,200 ജീവനക്കാരാണ് ഇവിടെയുള്ളത്.