സ്വന്തം ഭാവിക്ക് ഭാരമാകുമെന്ന് കരുതി ഓടിസം ബാധിച്ച 4വയസ്സുകാരിയായ മകളെ പാര്‍പ്പിട സമുച്ചയത്തിന്റെ 4-ാം നിലയില്‍നിന്ന് എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വനിതാ ദന്ത ഡോക്ടര്‍ക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ബെംഗളൂരു സംപംഗി രാമനഗറിലെ താമസക്കാരി ഡോ. സുഷമ ഭരദ്വാജി (27) നെതിരെയാണ് ബെംഗ്ലൂറിലെ ഒമ്പതാംനമ്പര്‍ എ.സി.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കുഞ്ഞിനെ കൊലപ്പെടുത്താന്‍ മുന്‍കൂട്ടി പദ്ധതി തയാറാക്കിയിരുന്നുവെന്നും കൃത്യം ചെയ്യുമ്പോള്‍ യുവതിക്ക് യാതൊരു മാനസിക പ്രശ്നങ്ങളില്ലായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. കുട്ടി തന്റെ ഭാവിക്ക് ഭാരമാകുമെന്ന് ഇവര്‍ കരുതിയിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.
ഓഗസ്റ്റ് നാലിനാണ് സംപംഗി രാമനഗറിലെ പാര്‍പ്പിട സമുച്ചയത്തില്‍വെച്ച് മകള്‍ ധൃതിയെ സുഷമ ഭരദ്വാജ് കൊലപ്പെടുത്തിയത്. ഒരു സ്ത്രീ കുട്ടിയെ കെട്ടിടത്തില്‍ നിന്നും താഴേക്ക് എറിയുന്നതിന്റെ ഭീകരമായ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിലൂടെയാണ് പ്രതിയെ പെട്ടെന്ന് പിടികൂടാനും അറസ്റ്റ് ചെയ്യാനും പൊലീസിന് സാധിച്ചത്.
ബ്രിട്ടനിലായിരുന്ന ഇവര്‍ കുട്ടിയുടെ ചികിത്സാച്ചെലവ് കൂടിയതോടെ മാസങ്ങള്‍ക്ക് മുമ്പാണ് ബെംഗ്ലൂറിലേക്ക് വന്നത്. ഇതിനിടെ വീണ്ടും ബ്രിട്ടനിലേക്ക് മടങ്ങാന്‍ തീരുമാനിച്ചെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതി തടസ്സമായി. ഇതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
കുറ്റം സമ്മതിച്ച സുഷമ ഭരദ്വാജ് മകളുടെ ആരോഗ്യസ്ഥിതിയെ തുടര്‍ന്ന് തനിക്ക് ക്ലിനികല്‍ ഡിപ്രഷനുണ്ടെന്ന് അവകാശപ്പെട്ടു. തുടര്‍ന്ന് നിംഹാന്‍സിലെ (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെന്റല്‍ ഹെല്‍ത് ആന്‍ഡ് ന്യൂറോ സയന്‍സസ്) ഒരു കൂട്ടം ഡോക്ടര്‍മാര്‍ പ്രതിയെ പരിശോധിച്ച് ആരോഗ്യവതിയാണെന്ന് ഉറപ്പുവരുത്തി. മകളെ പരിചരിക്കുന്നതിനായി പ്രൊഫഷനല്‍ ജീവിതം ത്യജിക്കേണ്ടി വന്നതിനാല്‍ പ്രതിക്ക് അതൃപ്തിയുണ്ടായിരുന്നു.
സംഭവത്തിന് ഒരു മാസം മുമ്പ് ബെംഗ്ലൂറിലെ മജസ്റ്റിക് റെയില്‍വേ സ്റ്റേഷനില്‍ വച്ച് ഒറീസ ട്രെയിനില്‍ മകളെ ഉപേക്ഷിക്കാന്‍ പ്രതി ശ്രമിച്ചതായും പൊലീസ് പറയുന്നു. പിന്നീട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് തന്റെ കുട്ടിയെ കാണാതായെന്ന് പറഞ്ഞ് ഇവര്‍ സങ്കടപ്പെടുകയും ഇതേക്കുറിച്ച് പരാതിപ്പെടുകയും ചെയ്തു.
നേരത്തേ കുട്ടിയെ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ വാച്ച് തീവണ്ടിക്ക് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും മറ്റ് യാത്രക്കാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പരാജയപ്പെട്ടു. പിന്നീട് ഭര്‍ത്താവ് ബാലകൃഷ്ണയും ബന്ധുക്കളും പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നെങ്കിലും ഇവരില്ലാത്ത സമയത്താണ് കുട്ടിയെ ബാല്കണിയില്നിന്ന് താഴേക്കിട്ട് കൊലപ്പെടുത്തിയത്. ഈ സംഭവങ്ങളുടെ എല്ലാം ദൃക്സാക്ഷിമൊഴിയും സിസിടിവി ദൃശ്യങ്ങളുമുള്പെടെ പൊലീസ് കുറ്റപത്രത്തോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.