ഗിനിയയിൽ തടവിൽ കഴിയുന്ന ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്താൻ നയതന്ത്ര തലത്തിൽ നീക്കം ആരംഭിച്ചു. ഇന്ത്യൻ ഹൈക്കമ്മീഷണർ ജി. സുബ്രമണ്യത്തെ കേന്ദ്രസർക്കാർ നിയമിച്ചു. കപ്പലിന്റെ യാത്ര സംബന്ധിക്കുന്ന രേഖകൾ നൈജീരിയൻ അധികൃതർക്ക് കമ്പനി കൈമാറി. ആവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യ വാഗ്ദാനം ചെയ്തു. നാവികർ നടത്തിയത് അനധികൃത യാത്രയല്ലെന്നും നൈജീരിയൻ അധികൃതരെ അറിയിച്ചിട്ടുണ്ട്.
മലയാളികൾ ഉൾപ്പെടെ 26 പേരാണ് ജയിലിലും കപ്പലിലുമായി ഇനിയെന്തെന്നറിയാതെ കഴിയുന്നത്. ജയിലിൽ കഴിയുന്നവർക്ക് ഭക്ഷണവും വെള്ളവും ഇന്നലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എത്തിച്ചിരുന്നു. നൈജീരിയൻ നാവികസേനയുടെ നിർദേശപ്രകാരമാണ് ഗിനിയൻ നേവി മൂന്ന് മലയാളികൾ ഉൾപ്പെടെ 26 ഇന്ത്യക്കാരെ കസ്റ്റഡിയിലെടുത്തത്. ഇതിൽ രണ്ട് മലയാളികൾ ഉൾപ്പെട്ട 15 പേരടങ്ങുന്ന സംഘത്തെ തിങ്കളാഴ്ച രാത്രിയോടെ ജയിലിലേക്ക് മാറ്റി. നേവൽ ഓഫീസർ മലയാളിയായ സാനു ജോസഫും മറ്റ് അംഗങ്ങളും ഇപ്പോഴും കപ്പലിൽ തുടരുകയാണ്.
നാവികരുടെ പാസ്‌പോർട്ട് ഉൾപ്പെടെയുളള രേഖകൾ ഗിനിയൻ അധികൃതർ പിടിച്ചുവാങ്ങി. ജയിലിലേക്ക് മാറ്റിയ നാവികരെ എംബസി ഉദ്യോഗസ്ഥർക്ക് കാണാനായില്ലെങ്കിലും ഭക്ഷണവും വെള്ളവും എത്തിക്കാൻ സാധിച്ചു. 11 മണിക്കൂറിലധികം പട്ടിണി കിടന്നെന്ന മലയാളി നാവികന്റെ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് എംബസിയുടെ നടപടി. കേന്ദ്ര സർക്കാർ ഇടപെട്ട് മോചനം വേഗത്തിൽ സാധ്യമാക്കണമെന്നാണ് നാവികരും കുടുംബവും ആവശ്യപ്പെടുന്നത്.
മോചനം ഉടൻ സാധ്യമാക്കണം എന്നാവശ്യപ്പെട്ട് കൊച്ചിയിൽ ഇന്ന് വൈകീട്ട് ഐക്യദാർഢ്യ പരിപാടി നടക്കും തടവിലാക്കപ്പെട്ട മലയാളി നാവികരുടെ കുടുംബങ്ങളും എറണാകുളത്തെ നാവികരും ഐക്യദാർഢ്യ പരിപാടിയിൽ പങ്കെടുക്കും.
ഗിനിയയില്‍ കുടുങ്ങിയ ഇന്ത്യന്‍ നാവികസംഘത്തെ മോചിപ്പിക്കാൻ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, 16 ഇന്ത്യക്കാരുള്‍പ്പെടെ 26 പേരടങ്ങുന്ന മൊത്തം ജീവനക്കാരെ ബന്ദികളാക്കിയിരിക്കുകയാണെന്നും, 16 ഇന്ത്യന്‍ നാവികരില്‍ കേരളത്തില്‍ നിന്നുള്ള മൂന്ന് പേരെ കുറിച്ചും മുഖ്യമന്ത്രി കത്തില്‍ പരാമര്‍ശിച്ചു. MT Heroic Idun എന്ന നോര്‍വീജിയന്‍ കപ്പല്‍ 2022 ഓഗസ്റ്റ് 12 നാണു അന്താരാഷ്ട്ര സമുദ്രത്തില്‍ വച്ച് ഇക്വറ്റോറിയല്‍ ഗിനിയ നാവികസേനയുടെ കപ്പല്‍ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 14 മുതല്‍ കപ്പല്‍ നിയമവിരുദ്ധമായി പിടിച്ച് വെച്ചിരിക്കുകയാണ്. നൈജീരിയന്‍ അധികൃതരുമായും ഷിപ്പിംഗ് കമ്പനിയുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം, ഷിപ്പിംഗ് കമ്പനി 2022 സെപ്റ്റംബര്‍ 28ന് ആവശ്യമായ പിഴ അടച്ചു. നിര്‍ഭാഗ്യവശാല്‍, ക്രൂവും കപ്പലും ഇന്നും ഗിനിയയില്‍ തടവിലാണ്.
മോചനം വൈകുന്നത് ക്രൂ അംഗങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കുമെന്നും സുരക്ഷിതമല്ലാത്ത തുറമുഖത്ത് തുടരുന്നത് അവരുടെ ജീവന് തന്നെ അപകടമാണെന്നും കത്തില്‍ പറയുന്നു. കപ്പലിനെയും അതിലെ ക്രൂ അംഗങ്ങളെയും ഉടന്‍ മോചിപ്പിക്കുന്നതിന് മുന്‍കൈയെടുക്കാനും മോചനം സുഗമമാക്കാനും ബന്ധപ്പെട്ട രാജ്യങ്ങളിലെ നയതന്ത്ര ദൗത്യങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.