LocalNEWS

തിരക്കുകാരണം ട്രെയിനില്‍ കയറാന്‍ കഴിഞ്ഞില്ല; രണ്ടുലക്ഷത്തിന്‍െ്‌റ നഷ്ടപരിഹാര ഹര്‍ജി തള്ളി

ആലപ്പുഴ: റിസര്‍വേഷന്‍ ടിക്കറ്റ് ഉണ്ടായിട്ടും റെയില്‍വേ സ്റ്റേഷനിലെയും ട്രെയിനിലെയും തിരക്കു കാരണം യാത്ര മുടങ്ങിയതിനു നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി. രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വള്ളികുന്നം സ്വദേശിയായ അഭിഭാഷകന്‍ സമര്‍പ്പിച്ച കേസ് 2,000 രൂപ ചെലവുള്‍പ്പെടെ തള്ളിക്കൊണ്ടാണു വിധി. ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം പ്രസിഡന്റ് എസ്. സന്തോഷ് കുമാര്‍, അംഗം പി.ആര്‍. ഷോളി എന്നിവരാണ് ഉത്തരവു പുറപ്പെടുവിച്ചത്. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പടെയുള്ളവരായിരുന്നു എതിര്‍കക്ഷികള്‍.

2019 ഒക്ടോബര്‍ 20-ന് ഗുവാഹത്തി എക്സ്പ്രസില്‍ പാലക്കാട്ടുനിന്ന് വിജയവാഡയിലേക്കു പോകാന്‍ അഭിഭാഷകനും സുഹൃത്തുക്കളും റിസര്‍വ് ചെയ്തിരുന്നു. എന്നാല്‍, ട്രെയിനിലെ തിരക്കുകാരണം തനിക്കു കയറാന്‍ കഴിഞ്ഞില്ലെന്നും തുടര്‍ന്ന് ഒരു സാധാരണ ട്രെയിനില്‍ യാത്ര ചെയ്യേണ്ടിവന്നതു മൂലം ഉറക്കം നഷ്ടപ്പെട്ടു എന്നും കാണിച്ചാണ് അഭിഭാഷകന്‍ നഷ്ടപരിഹാരംതേടി ഹര്‍ജി ഫയല്‍ ചെയ്തത്. റെയില്‍വേയുടെ സേവനത്തിലെ കുറവു മൂലമാണു തനിക്ക് ബുദ്ധിമുട്ടുണ്ടായതെന്നായിരുന്നു ആരോപണം.

Signature-ad

സ്റ്റേഷനിലെ തിരക്കു കാണിക്കാന്‍ ഹര്‍ജിക്കാരന്‍ മൊബൈലില്‍ എടുത്ത ഫോട്ടോകളും തെളിവായി ഹാജരാക്കിയിരുന്നു.

ടിക്കറ്റ് റിസര്‍വ്ചെയ്ത വ്യക്തി തനിക്കനുവദിച്ച സീറ്റില്‍ക്കയറി യാത്ര ചെയ്യാന്‍ ബാധ്യസ്ഥനാണെന്നും കയറാതിരിക്കുന്നതിന്റെ കാരണം എന്തായാലും അതിനുത്തരവാദി റെയില്‍വേ അല്ലെന്നും ഇത്തരം ഹര്‍ജികള്‍ അനുവദിച്ചാല്‍ സമൂഹത്തിനു തെറ്റായ സന്ദേശമാകുമെന്നും റെയില്‍വേ അഭിഭാഷകന്‍ അഡ്വ. അനില്‍ വിളയില്‍ വാദിച്ചു. ഇതംഗീകരിച്ചാണു രണ്ടായിരംരൂപ ചെലവിനത്തില്‍ റെയില്‍വേക്കു നല്‍കണമെന്ന നിര്‍ദേശത്തോടുകൂടിയ വിധി ഉണ്ടായത്.

Back to top button
error: