ജയ്പുര്‍: പ്രണയിച്ച വിദ്യാര്‍ഥിനിയെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി അധ്യാപിക. ഭാരത്പുരിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപികയായ മീരയാണ് തന്റെ ശിഷ്യയായ കല്പന ഫൗസിദാറിനെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയയായത്. കല്പനയുമായി മീര ഏറെക്കാലമായി പ്രണയത്തിലായിരുന്നു.
സ്കൂളിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്ലാസുകളില്‍ വച്ചാണ് മീര, കല്പനയെ പരിചയപ്പെടുന്നത്. കബഡി കളിക്കാരിയായ കല്പനയുമായി ഗ്രൗണ്ടില്‍വച്ചുള്ള പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവെന്ന് മീര പറഞ്ഞു. തുടര്‍ന്ന് കല്പനയെ വിവാഹം കഴിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ മീര, ആരവ് എന്ന പുരുഷനായി മാറി.
”ഞാന്‍ ഒരു പെണ്‍കുട്ടിയായാണ് ജനിച്ചത്. എന്നാല്‍, എന്റെ മനസ്സില്‍ എപ്പോഴും ഞാന്‍ ഒരു ആണ്‍കുട്ടിയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. ഡിസംബര്‍ 2019 നാണ് ആദ്യ ശസ്ത്രക്രിയ നടന്നത്” -ആരവ് പറഞ്ഞു. ആരവുമായി വര്‍ഷങ്ങളായുള്ള ബന്ധമാണെന്നും ശസ്ത്രക്രിയയ്ക്ക് വിധേയമായില്ലായിരുന്നെങ്കിലും അദ്ദേഹത്തെ വിവാഹം കഴിച്ചേനെയെന്നും കല്പന പറഞ്ഞു.