‘അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ട’: സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി, ഒടുവില്‍ ഖേദപ്രകടനം
തിരുവനന്തപുരം:സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കുമെന്നുമാണ് മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം.അഭിസാരികയെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്നും കെ.പി.സി.സി പ്രസിഡന്റ് തിരുവനന്തപുരത്ത് പറഞ്ഞു.
സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് വിലപിക്കുന്ന സ്ത്രീയാണത്. ഒരു സ്ത്രീ ഒരിക്കല്‍ ബലാത്സംഗത്തിന് ഇരയായാല്‍ മരിക്കും. അല്ലെങ്കില്‍ പിന്നീട് സംഭവിക്കാതെ നോക്കുമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസിലെ പരാതിക്കാരിയെ യുഡിഎഫിനെതിരെ രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നു ആരോപിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം.
പരാമര്‍ശം വിവാദമായതിനു പിന്നാലെ ഖേദം പ്രകടിപ്പിച്ച് മുല്ലപ്പള്ളി തന്നെ രംഗത്തെത്തി. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം, സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മുല്ലപ്പള്ളിക്കെതിരെ നടപടിയെടുക്കുമെന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു.