KeralaNEWS

ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്നത് പരിഗണനയിൽ, ചർച്ച ചെയ്ത് സിപിഎം

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്തു നിന്നും നീക്കുന്നത് പരിഗണനയിൽ. സംസ്ഥാന സർക്കാറിനും സംസ്ഥാനത്തെ സർവകലാശാല വൈസ് ചാൻസിലർമാർക്കുമെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കുന്നത് ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായതായി വിവരം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സംസ്ഥാന സമിതിയിലുണ്ടാകുമെന്നാണ് സൂചന.

വിസിമാരുടെ അടക്കം നിയമനത്തിൽ ചട്ടലംഘനമുണ്ടായെന്നും സ്വന്തക്കാരെ തിരുകിക്കയറ്റാൻ ഭരണ മുന്നണി ശ്രമിച്ചുവെന്നുമുള്ള ആരോപണമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശക്തമായി ഉയർത്തുന്നത്. വിസിമാരോട് രാജിയാവശ്യപ്പെട്ട അദ്ദേഹം, തന്റെ നിലപാടുകളെ ചോദ്യംചെയ്ത് പ്രതികരിച്ച മന്ത്രിമാരെയും താക്കീത് ചെയ്തിരുന്നു. മന്ത്രിമാരെ പിൻവലിക്കാൻ താൻ മടിക്കില്ലെന്ന മുന്നറിയിപ്പാണ് ഗവർണർ മന്ത്രിസഭക്കും മുഖ്യമന്ത്രിക്കും നൽകുന്നത്.  കെടിയു വിസിയെ സുപ്രീം കോടതിയിടപെട്ട് പുറത്താക്കിയതാണ് ഏറെ നാളായി ‘മുഖം കനപ്പിച്ചിരിക്കുകയായിരുന്ന’ ഗവർണർക്ക് ഗുണകരമായി ഭവിച്ചത്. ഇതോടെ ഈ വിധി ചൂണ്ടിക്കാട്ടി മറ്റ് വിസിമാരുടെയും നിമയനങ്ങൾ ചട്ടലംഘനമാണെന്നാണ് ഗവർണർ കോടതിയിൽ അടക്കം ചൂണ്ടിക്കാട്ടാൻ ശ്രമിക്കുന്നത്.

Signature-ad

സർക്കാരിനെതിരായ നീക്കങ്ങളുടെ ഭാഗമായി, കെടിയുവിൽ പുതിയ വിസിയെ നോമിനേറ്റ് ചെയ്ത സർക്കാരിനെ തള്ളി കഴിഞ്ഞ ദിവസം ഗവർണർ ഡോ. സിസ തോമസിന് നിയമനം നൽകി. സര്‍ക്കാര്‍ നോമിനികളെ വെട്ടി ഗവര്‍ണര്‍ നിയമിച്ച സാങ്കേതിക സര്‍വ്വകലാശാല വിസി ഇടത് സംഘടനകളുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ചുമതലയേറ്റത്.

എന്നാൽ ആദ്യഘട്ടത്തിലുടനീളം സംയമനം പാലിച്ച സർക്കാരും ഇടത് മുന്നണിയും, ഗവർണർ കൂടുതൽ കടുപ്പിച്ചതോടെയാണ് പരസ്യമായി പ്രതിഷേധവുമായി രംഗത്തിറങ്ങാൻ തയ്യാറായത്. ഗവർണർ സംഘപരിവാർ രാഷ്ട്രീയവും തന്ത്രങ്ങളും കേരളത്തിലെ സർവകലാശാലകളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഇതിനെ ഏത് വിധേനെയും തടയുമെന്നുമാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇടത് മുന്നണിയും ‘ഗവർണർ വിഷയത്തിൽ’ ഒറ്റക്കെട്ടാണ്. സർക്കാരിനെയും സർവകലാശാലകളുടെയും പ്രവർത്തനങ്ങളെ വെട്ടിലാക്കുന്ന നിലപാടുമായി മുന്നോട്ട് പോകുന്ന ഗവർണറെ ചാൻസിലർ സ്ഥാനത്ത് നിന്നും നീക്കി കടിഞ്ഞാണിടാനാണ് സിപിഎം നീക്കം.

Back to top button
error: